ലോക്ഡൗൺ മറയാക്കി:
മലയോര മേഖലയിൽ വ്യാജ മദ്യമൊഴുക്കുന്നു
മുണ്ടക്കയം: കോവിഡും, ലോക് ഡൗണും മൂലം മദ്യശാലകൾ അടഞ്ഞതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാജമദ്യ നിർമ്മാണവും വിൽപ്പനയും സജീവമായി. ദൈനം ദിനം ലക്ഷക്കണക്കിനു രൂപയുടെ വാറ്റ് ചാരായമാണ് മേഖലയിൽ വിൽപ്പന നടക്കുന്നത്. പ്രഷർ കുക്കറിൽ വാറ്റുന്ന ചെറു സംഘം മുതൽ വൻ വാറ്റു സംഘങ്ങൾ വരെ മേഖലയിൽ സജീവമാണ്.
മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ വാറ്റുസംഘങ്ങൾ മത്സരിച്ചാണ് കച്ചവടം നടത്തുന്നത്. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, വല്യേന്ത, ഞർക്കാട്, പറത്താനം, വല്ലീറ്റ, കാവാലി ഭാഗങ്ങളിൽ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഇടവേളയ്ക്കു ശേഷം വ്യാജ വാറ്റുകാരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഈറ്റപനംകുഴി, പന്നിവെട്ടുംപാറ, ചൂരക്കയം തോട്, വയലുങ്കൽ തോട്, ചെന്നപ്പാറ കൊക്കഭാഗം, പനക്കച്ചിറ, അഞ്ഞൂറ്റിനാല് എന്നിവിടങ്ങളിൽ വാറ്റു സംഘങ്ങൾ പ്രവർത്തിയ്ക്കുന്നു. വനമേഖലയോട് അടുത്തുള്ള പ്രദേശങ്ങളായതിനാൽ മുൻപ് വാറ്റുകാർ ഉൾവനങ്ങളിലായിരുന്നു വാറ്റു നിർമ്മാണം. എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ കച്ചവട സംഘം കാട് വിട്ടു നാട്ടിലേക്ക് ഇറങ്ങി. വീടുകൾക്ക് ഉള്ളിലും പുരയിടങ്ങളിലുമാണ് വാറ്റു നിർമ്മാണം നടത്തുന്നത്.
മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയൽ, പുലികുന്ന്, വട്ടക്കാവ്, ചെറുമല, ഇഞ്ചിയാനി, കൊക്കയാർ പഞ്ചായത്തിലെ മേലോരം, അഴങ്ങാട്, കൊക്കയാർ, കനകപുരം, ഏന്തയാർ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലും വാറ്റുചാരായ വിൽപന സജീവമാണ്.
മുൻ കാലങ്ങളിൽ 100 മുതൽ 200 രൂപ വരെ വിലയായിരുന്നു ഒരു ലിറ്റർ ചാരായമെങ്കിൽ ഇന്ന് 1500 മുതൽ 2000 രൂപ വരെയാണ് ചില്ലറ കച്ചവടം. ചെറുകിട കച്ചവടക്കാരോട് അര ലിറ്ററിന് 500 മുതൽ 900 വരെ ഈടാക്കുന്നത്. പോലിസ്, എക്സൈസ് മുൻപ് സജീവമായിരുന്നത് അൽപ്പം അയവു വന്നതോടെ വ്യാപാര സംഘങ്ങളാടെ എണ്ണവും വർദ്ധിച്ചു. കൊമ്പുകുത്തിയിൽ നിന്നും ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ രാത്രി കാലങ്ങളിലാണ് വിവിധ സ്ഥലങ്ങളിലേയ്ക്ക് മദ്യം കടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
إرسال تعليق