ആകാശവാണി മലയാള'മെന്ന് പേര് മാറുന്നു. സ്വഭാവവും




തിരു.: ചെലവ് കുറയ്ക്കലിന്റെ ഭാഗമായി ആകാശവാണിയുടെ പേരും രൂപവും മാറ്റുന്നു. വാർത്തകൾക്കും സംഗീത പരിപാടികൾക്കുമായി സംസ്ഥാനത്ത് ഓരോ സ്വതന്ത്ര സ്റ്റേഷൻ മാത്രമാണുണ്ടാവുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ദിവസം തന്നെയുണ്ടാകും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന 'ആകാശവാണി മലയാളം' എന്ന പേരിലുള്ള സ്റ്റേഷനിൽ നിന്ന് മാത്രമാണ് വാർത്തകൾ പ്രക്ഷേപണം ചെയ്യുക. കോഴിക്കോട് സ്റ്റേഷൻ തത്‌കാലം അതിൽ സഹകരിക്കുന്ന ഉപസ്റ്റേഷനായി തുടരും. എന്നാൽ അല്പകാലത്തിനകം തന്നെ തിരുവനന്തപുരത്തു നിന്നു മാത്രമാവും വാർത്താ വിഭാഗം പ്രവർത്തനം. പുതിയ ജീവനക്കാരെ ഈ വിഭാഗത്തിൽ നിയമിക്കാത്തതിന്റെ കൂടി ഭാഗമായാണിത്.

ആകാശവാണി കേരളത്തിന്റെ കോൺട്രിബ്യൂട്ടറി പദവിയിലാണ് കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, ദേവികുളം സ്‌റ്റേഷനുകൾ പ്രവർത്തിക്കുക. സാംസ്‌കാരിക -സാഹിത്യ പരിപാടികൾ റെക്കോഡ് ചെയ്ത് തിരുവനന്തപുരത്തേക്ക് അയക്കുക എന്നതു മാത്രമാവും ഉപസ്റ്റേഷനുകളുടെ ചുമതല. റിലേ ചെയ്യുന്നതിനുള്ള ചുമതലയ്ക്കു പുറമേ മേഖലാ ഓഫീസിൽ നിന്ന് ആവശ്യപ്പെടുന്ന റെക്കോഡിങ് മാത്രമാവും ചുമതല.

ആകാശവാണി മലയാളം പൂർണമായും സംഗീതത്തിനും മറ്റ് വിനോദ പരിപാടികൾക്കുമായാണ് പ്രവർത്തിക്കുക. ഇപ്പോഴത്തെ തിരുവനന്തപുരം സ്റ്റേഷനിൽത്തന്നെ പ്രവർത്തിക്കുന്ന ആകാശവാണി മലയാളത്തിന്റെ കോൺട്രിബ്യൂട്ടറി സ്‌റ്റേഷനായി കോഴിക്കോട് പ്രവർത്തിക്കും. സംസ്ഥാനത്താകെ ഒരു പരിപാടി എന്ന നിലയിലാവുകയും പ്രാദേശിക പരിപാടികൾ ഇല്ലാതാവുകയും ചെയ്യും. കോഴിക്കോട്ടും തിരുവനന്തപുരത്തും ഇപ്പോഴുള്ള വിവിധ് ഭാരതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തീരുമാനമുണ്ട്. പ്രക്ഷേപണച്ചെലവ് കുറയ്ക്കാനും നിലവിലുള്ള ഒഴിവുകളിൽ പ്രോഗ്രാം വിഭാഗത്തിൽ നിയമനം നടത്താതിരിക്കാനുമാണ് പുതിയ മാറ്റം. രാജ്യത്താകെ ഈ വിധത്തിൽ ആകാശവാണിയെ പുനഃ സംഘടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി.

പരിപാടികൾ സംസ്ഥാനത്തിനാകെ ഒന്നായി മാറുന്നതിന് പുറമേ ഒരു സ്ഥലത്തു നിന്ന് ഒരു ബാനറിൽ മാത്രമാകും പ്രക്ഷേപണമെന്നതിനാൽ പരസ്യനിരക്കും കൂടും.

Post a Comment

വളരെ പുതിയ വളരെ പഴയ