'ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നു'; വിഭാഗീയതിയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി.
പാലക്കാട്: പാലക്കാട്ട് പാര്‍ട്ടിയിൽ ഉണ്ടാകുന്ന വിഭാഗീയതിയില്‍ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളയ്ക്കുന്നത് കാണുന്നുവെന്നും പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം അക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് ഏറ്റവുമധികം പ്രാദേശിക വിഭാഗീയത നിലനിന്ന സമ്മേളനങ്ങളായിരുന്നു പാലക്കാട് ജില്ലയിലേത്. 15 ഏരിയാ കമ്മറ്റികളില്‍ ഒന്‍പത് ഇടത്ത് മത്സരം നടന്നു. ഇതെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാത്രമല്ല രണ്ട് ലോക്കല്‍ സമ്മേളനങ്ങള്‍ വിഭാഗീയതയും പ്രശ്‌നങ്ങളും മൂലം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ച്ചയിലും വിഭാഗീയതയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടന്നു. അതുകൊണ്ടാണ് സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടിയിന്മേല്‍ പിണറായി വിജയന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമ്മേളന പ്രതിനിധികള്‍ക്കും ശക്തമായ മുന്നറിപ്പ് നല്‍കിയത്. ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളയ്ക്കുന്നു. അത് താഴേത്തട്ടിലേക്ക് വിഭാഗീയത ആണ്ട് പോകുന്നു. സംസ്ഥാന തലത്തില്‍ വിഭാഗീയത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞു. പക്ഷേ, പാലക്കാട് ഇത് തുടരുകയാണ്. ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി ഇടപെടും. സ്വയം വിമര്‍ശനം നടത്തി പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം നല്‍കി.
നേരത്തെ, ജില്ലാ സമ്മേളനത്തില്‍ പോലീസിനും മുന്‍ എംഎല്‍എയും കെ.ടി.ഡി.സി. ചെയര്‍മാനുമായ പി. കെ. ശശിക്കുമെതിരേ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയത്. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ജില്ലാ നേതൃത്വത്തിന് എതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയില്‍ പ്രാദേശിക ഘടകങ്ങളില്‍ വിഭാഗീയത രൂക്ഷമായതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പല സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പുകേട് കാരണമാണ്. പുതുശ്ശേരി പട്ടാമ്പി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുയര്‍ത്തിയത്.
إرسال تعليق