'പ്രശ്‌നം മഴയെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ല'; മന്ത്രിയുടെ മുന്നിൽ ജയസൂര്യയുടെ വിമർശനം.
തിരു.: 'പ്രശ്‌നം മഴയെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ല' എന്ന് മന്ത്രിയുടെ മുന്നിൽ ചലച്ചിത്ര നടൻ ജയസൂര്യയുടെ വിമർശനം. നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നത് ഒരു പൗരന്റെ അപേക്ഷയോ, ആഗ്രഹമോ അല്ലെന്നും അവകാശം ആണെന്നും നടൻ. ഭാര്യയുടെ സ്വർണ്ണം പോലും പണയം വച്ചു പണം കണ്ടെത്തി റോഡ് നികുതി അടയ്ക്കുന്നവരുണ്ട്. അവർക്കു റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ. അതു ചെയ്യാത്തതിന് മഴ ഉൾപ്പെടെ എന്ത് ഒഴിവുകഴിവുകൾ പറഞ്ഞിട്ടും കാര്യമില്ല. അതു ജനത്തിന് അറിയേണ്ട കാര്യവുമില്ല. മഴയാണു പ്രശ്നമെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ല. വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോൾ‘ഓ കേരളമെത്തി’എന്നു പറയേണ്ട സ്ഥിതിയാണുള്ളത്. കേരളത്തിൽ കുണ്ടും കുഴിയുമുള്ള റോഡ് മൂലം എത്രയോ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും ?. കേരളത്തിൽ പലയിടത്തും കൂൺ പോലെ ടോൾ ബൂത്തുകൾ പൊങ്ങുകയാണ്. കാലാവധി കഴിഞ്ഞിട്ടും ജനങ്ങളിൽ നിന്നു പണം പിരിക്കുന്നു. അതു നിയന്ത്രിക്കാനാകണം. ഇവിടെ എല്ലാത്തിനും വില കൂടിയിട്ടും ആളുകളുടെ വരുമാനം മാത്രം കൂടുന്നില്ലെന്നോർക്കണം.
റോഡിന്റെ ബാധ്യതാ കാലാവധിയും (ഡിഫക്റ്റ് ലയബിലിറ്റി പീരിയഡ്) കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും നമ്പറും സഹിതം റോഡിൽ പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനൊപ്പം നിർവ്വഹിക്കുകയായിരുന്നു ജയസൂര്യ.
ഊർജസ്വലനും കാര്യങ്ങൾ പഠിക്കാൻ തൽപ്പരനുമായ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കേരളത്തിലെ റോഡുകൾ നന്നാകുമെന്നാണു തന്റെ പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു. അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ