ഒമിക്രോണില്‍ മരണസാധ്യത കുറവ്; മൂന്നാം തരംഗത്തിനായി ഇന്ത്യ തയാറെടുക്കണം.
ഹൈദരാബാദ്: ഒമിക്രോണിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനിടെ കോവിഡിന്‍റെ മൂന്നാം തരംഗം നേരിടാന്‍ ഇന്ത്യ തയാറെടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഒമിക്രോണില്‍ മരണസാധ്യത കുറവാണെന്നും ബിബിനഗറിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വികാസ് ഭാട്ടിയ പറഞ്ഞു.
ഈ ഘട്ടത്തില്‍ ഒമിക്രോണിനെ കുറിച്ച് ഒന്നും പറയാനാവില്ല. 30ഓളം രാജ്യങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കോവിഡിന്‍റെ മൂന്നാം തരംഗത്തിനെതിരായി ഇന്ത്യ മുന്‍കരുതലെടുക്കണം. ഒമിക്രോണില്‍ മരണസാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ മാരകമായ രോഗമല്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ പ്രകടമാവും. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന ദിവസങ്ങളുടെ എണ്ണം കൂടുതലായിരിക്കും. കൂടുതല്‍ പേരിലേക്ക് വേഗത്തില്‍ രോഗം പടരുകയും ചെയ്യും. എന്നാല്‍ മരണസാധ്യത കുറവായിരിക്കും.
ഒമിക്രോണ്‍ ബാധിച്ചയാളുടെ ഓക്സിജന്‍ നില കുറഞ്ഞാല്‍ അത് സ്ഥിതി സങ്കീര്‍ണമാക്കും. രാജ്യത്തെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ആളുകളെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന് എടുക്കുന്നത് മൂലവും രോഗം വന്നതിനാലും ഉണ്ടാവുന്ന ഹൈബ്രിഡ് പ്രതിരോധം ഒമിക്രോണിനെ നേരിടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം വാക്സിനേഷന് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. സീറോ സര്‍വേയുടെ കണക്കനുസരിച്ച് 80 ശതമാനം പേരിലും കോവിഡ് ആന്‍റിബോഡി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളില്‍ ഭൂരിപക്ഷവും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇത് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
إرسال تعليق