തദ്ദേശസ്ഥാപന ഉപതെരെഞ്ഞെടുപ്പ് ; എൽഡിഎഫ് എഴിലും, യുഡിഎഫ് നാലിലും ബിജെപി ഒന്നിലും വിജയിച്ചു.

തദ്ദേശസ്ഥാപന ഉപതെരെഞ്ഞെടുപ്പ് ; എൽഡിഎഫ് എഴിലും, യുഡിഎഫ് നാലിലും ബിജെപി ഒന്നിലും വിജയിച്ചു

തിരു.:  സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂ‍ര്‍
     ആറളം പത്താം വാര്‍ഡ് ഉപ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു. കെ.സുധാകരന്‍ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനി‍ര്‍ത്തി.

വയനാട്
     ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയിലെ പഴേരി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിന് സിപിഎമ്മിലെ എസ്. രാധാകൃഷ്ണന്‍ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില - എല്‍.ഡി.എഫ് - 24, യു.ഡി.എഫ് - 10, സ്വതന്ത്രന്‍ - 1 എന്ന നിലയിലായി.

കോഴിക്കോട്
      വളയം ഗ്രാമപഞ്ചായത്തിലെ കല്ലുനിര വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ടി. ഷബിന 196 വോട്ടിനാണ് ഇവിടെ വിജയിച്ചത്.

മലപ്പുറം
     നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ ഏലക്കാടന്‍ ബാബു 238 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ. വി. മുരളീധരന്‍ 309 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
      മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഉപ തെരെഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിച്ചു. സിപിഎമ്മിലെ കെ. എം. സജ്ല 204 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണിത്. മലപ്പുറം വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ യു. അനില്‍കുമാര്‍ 84 വോട്ടിന് വിജയിച്ചു.
    
ഇടുക്കി
     സംസ്ഥാനത്തെ ഏക വനവാസി ഗ്രാമപഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡായ വടക്കേ ഇടലിപ്പാറക്കുടിയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ബിജെപി ചിന്താമണി പിടിച്ചെടുത്തു. 

കോട്ടയം
      കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാ‍‍ര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിലെ ടോമി ഇടയോടിയിലിനെയാണ് ജയിംസ് തോല്‍പ്പിച്ചത്. യുഡിഎഫ് വിമതനായി ജയിച്ച സ്വതന്ത്ര അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപ തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചതോടെ പഞ്ചായത്തിലെ കക്ഷി നില എല്‍ഡിഎഫ് - 9, യുഡിഎഫ് - 5, ബിജെപി - 2 എന്നായി.

ആലപ്പുഴ
      ആലപ്പുഴ മുട്ടാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തുല്യവോട്ട് നേടി സമനില പാലിച്ചു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പ് നടത്തി എല്‍ഡിഎഫിലെ ആന്റണിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. വാ‍ര്‍ഡിലെ ഇരുപാ‍ര്‍ട്ടികളും 168 വോട്ട് വീതമാണ് നേടിയത്. മുന്‍ കൗണ്‍സിലറായ യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട
      പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. എല്‍ഡിഎഫിലെ അലക്സാണ്ടര്‍ ഡാനിയേല്‍ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചത്. ഇതോടെ പഞ്ചായത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ എല്‍ഡിഎഫിന് 11 സീറ്റുകളായി.

തിരുവനന്തപുരം
     നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ വിദ്യാ വിജയന്‍ 94 വോട്ടിന് ഇവിടെ വിജയിച്ചു.


     

Post a Comment

أحدث أقدم