മന്ത്രി റിയാസിനെതിരായുള്ള അധിക്ഷേപം; ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി.
കോഴിക്കോട്: മന്ത്രി പി. എ. മുഹമ്മദ് റിയാസിന് എതിരെയുള്ള അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള പരാമര്‍ശം വിവാദമായതായി ശ്രദ്ധയില്‍പ്പെട്ടു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം. ''മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം''- അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞു. സ്വവര്‍ഗ്ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അദ്ദേഹം ആരോപിച്ചു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണെന്നും കല്ലായി പറഞ്ഞു. ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗ്ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും കല്ലായി കൂട്ടിച്ചേർത്തു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധയോഗം നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ