വളം വിലവർദ്ധനവിൽ നട്ടം തിരിഞ്ഞ് കർഷകർ. സബ്സിഡി അനുവദിക്കണമെന്ന് എബി ഐപ്പ്.
കോട്ടയം: തുടർച്ചയായി ഉണ്ടാകുന്ന വളത്തിന്റ വില വർദ്ധനവിൽ ബുദ്ധിമുട്ടുകയാണ് കർഷകർ. കാർഷിക മേഖലയിൽ വള പ്രയോഗത്തിന്റ സമയത്തു തന്നെ ഉണ്ടായ അമിത വിലവർദ്ധനവാണ് കർഷകരെ വലച്ചത്. 1040 രൂപ ഉണ്ടായിരുന്ന പൊട്ടാഷിന്റെ വില 1700 രൂപ ആയിട്ടാണ് വർദ്ധിച്ചിരിക്കുന്നത്. 1125 രൂപ ഉണ്ടായിരുന്ന ഫാക്ടം ഫോസിന് 1390 രൂപ ആയിട്ടാണ് വില വർദ്ധിച്ചിരിക്കുന്നത്. നേർ വളമായ പൊട്ടാഷിന്റ വില വർദ്ധിച്ചതോടെ കൂട്ടുവളങ്ങൾക്കും വലിയ തോതിൽ വില വർദ്ധിച്ചിരിക്കുകയാണ്. പച്ചക്കറി, വാഴക്കൃഷികൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വില വർദ്ധിച്ചിട്ടുണ്ട്. രാസവളങ്ങളുടെ വില വർദ്ധിച്ചതോടെ ജൈവവളങ്ങളുടെയും വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. നെൽകൃഷിക്കു രാസവളങ്ങളുടെ വില വർദ്ധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന രാസവളങ്ങളുടെ വില വർദ്ധനവ് ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തെയാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്നത് യൂറിയ ആണ്. യൂറിയായുടെ വില, കേന്ദ്രം വർദ്ധിപ്പിച്ചിട്ടുമില്ല. കേരളത്തിന്റ സമീപ സംസ്ഥാനങ്ങൾ നാനോ ടെക്നോളജി ഉൾപ്പെടെ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ വളപ്രയോഗമാണ് നടത്തുന്നത്. എന്നാൽ, കേരളത്തിൽ ഇത്തരം സംവിധാനങ്ങൾ ഒന്നും പൂർണ്ണമായും നടപ്പായിട്ടില്ല. സോയിൽ ഹെൽത്ത് കാർഡ് അനുവദിക്കുന്നതിൽ കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നും കടുത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കർഷകർക്ക് അമ്പതു ശതമാനം സബ്സിഡിയിൽ വളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ