ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ, ടാക്‌സി, പണിമുടക്ക്.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ, ടാക്‌സി, പണിമുടക്ക്.
തിരു.: യാത്രാനിരക്കു കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും.
       ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ, ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.
        അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും ഇന്ധനവില വര്‍ദ്ധനയുടേയും സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ ഓട്ടോ മിനിമം ചാര്‍ജ് 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് മുമ്പ് ഓട്ടോ, ടാക്‌സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ, ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടില്ല. എന്നാൽ, പല ഓട്ടോ, ടാക്സി ഡ്രൈവർമാരും തോന്നിയ നിരക്കിൽ അധിക ചാർജ് വാങ്ങുന്നുണ്ട്. ഇത് നിയമാനുസൃതമാക്കി കൊടുക്കേണ്ട ചുമതലയേ സർക്കാരിനുള്ളൂ. ഓട്ടോയുടെ മിനിമം ചാർജ് ഇപ്പോഴും 25 രൂപയാണെങ്കിലും ഓട്ടോയിൽ കാലെടുത്തു വച്ചാൽ 30 രൂപ കൊടുക്കേണ്ടിയിരുന്നു കോവിഡിന് മുമ്പ്. ഇപ്പോൾ 40 രൂപയാണ് മിനിമം ചാർജ്ജായി വാങ്ങുന്നത്.
      അതേ സമയം, ബസ് ഉടമകളും നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാലിക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബസ് ഉടമകള്‍ സമര പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം മാറ്റി വെച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.


Post a Comment

വളരെ പുതിയ വളരെ പഴയ