സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധം, വട്ടം കറങ്ങി രക്ഷിതാക്കള്‍.

സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധം, വട്ടം കറങ്ങി രക്ഷിതാക്കള്‍.
  
തിരു.: അദ്ധ്യയനം വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കെ, സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയത് കല്ലുകടിയാവുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ ഏതാനും ദിവസങ്ങളിലേക്ക് മാത്രമായി യൂണിഫോം തയ്പ്പിക്കുന്നത് പ്രയോജനപ്പെടില്ലെന്ന് മാത്രമല്ല, അധിക ചെലവു കൂടിയാണെന്ന് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നു.
        കഴിഞ്ഞ രണ്ട് അദ്ധ്യയന വര്‍ഷങ്ങളിലും യൂണിഫോം അണിഞ്ഞിട്ടില്ലാത്തതിനാല്‍ പുതിയവ വാങ്ങാതെ തരമില്ല. ചില സ്കൂളുകള്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ച വേളയില്‍ കുട്ടികളെ യൂണിഫോം ധരിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഉത്തരവ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
     അടുത്ത വര്‍ഷം യൂണിഫോം മോഡല്‍ മാറുകയോ, സ്കൂള്‍ പഠനം അവസാനിക്കുകയോ ചെയ്യുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ തുക മുടക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാകും.     
        വര്‍ഷാവസാന പരീക്ഷയിലേക്ക് എത്താന്‍ 90 ഓളം അദ്ധ്യയന ദിനങ്ങളുണ്ടെങ്കിലും ക്രിസ്മസ് അവധിയുള്‍പ്പടെ വെട്ടിക്കുറച്ച ശേഷം ലഭിക്കുന്ന പ്രവൃത്തി ദിനങ്ങളില്‍ മാത്രമാണ് യൂണിഫോം അണിയേണ്ടി വരിക.

എതിര്‍പ്പിന് പല കാരണങ്ങള്‍

1. സ്കൂള്‍ അദ്ധ്യയനം ഉച്ച വരെ ആയതിനാല്‍ പലരും യൂണിഫോം തയ്പ്പിച്ചിട്ടില്ല.

2. തുണി വില, തയ്യല്‍ക്കൂലി,​ ഷൂ, സോക്സ്, ടൈ, ബെല്‍റ്റ്, നെയിം പ്ലേറ്റ്, ബോ, റിബണ്‍ തുടങ്ങിയവയും വാങ്ങണം.

3. പ്രതിസന്ധികള്‍ക്കിടയില്‍ വീണ്ടും ചെലവ്.

4. പല കുടുംബങ്ങളും സാമ്പത്തികമായി തകര്‍ച്ചയില്‍.

5. ഗുണം ലഭിക്കുന്നത് വസ്ത്ര ശാലകള്‍ക്കും തയ്യല്‍ക്കടക്കാര്‍ക്കും.

 ഓണ്‍ ലൈനിലേക്ക് മടങ്ങും ?
      യൂണിഫോം നിര്‍ബന്ധമാക്കിയാല്‍ ഇപ്പോള്‍ സ്കൂളില്‍ വരുന്ന കുട്ടികള്‍ പോലും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങുമോയെന്ന് അദ്ധ്യാപകര്‍ ആശങ്കപ്പെടുന്നു. ഹാ‌ജര്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ ഓണ്‍ ലൈന്‍ തുടരുന്നതില്‍ തടസമില്ല. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജെന്‍ഡര്‍ ഫ്രീ യൂണിഫോം വരുമോ ?​
         അടുത്ത അദ്ധ്യയന വര്‍ഷം ജില്ലയിലെ സ്കൂളുകളില്‍ ലിംഗ വ്യത്യാസമില്ലാത്ത യൂണിഫോം വേണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്ത് പല സ്കൂളുകളും മാതൃക കാണിച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പാവാടയും പിനോഫറും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ജെന്‍ഡര്‍ ഫ്രീ യൂണിഫോമിനെ പ്രോത്സാഹിപ്പിക്കുന്നത്.
     ക്രിസ്മസ് അവധി കൂടി കഴിഞ്ഞാല്‍ ലഭിക്കുന്നത് അറുപതോളം പ്രവൃത്തി ദിനങ്ങളാണ്. അതിനാല്‍ രക്ഷിതാക്കളെ സാമ്പത്തികമായി തളര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും പറയുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ