പുണെ മെട്രോ സർവീസ് ജനുവരിയിൽ ആരംഭിക്കും.
പുണെ : പുണെ മെട്രോയുടെ പുണെയിലും പിംപ്രി-ചിഞ്ച്‌വാഡിലുമുള്ള രണ്ട് പാതകളിൽ ജനുവരി അവസാനത്തോടെ പൊതുജനങ്ങൾക്കായി മെട്രോ റെയിൽ സർവീസ് ആരംഭിക്കും. പിംപ്രി-ചിഞ്ച്‌വാഡ് -സ്വാർഗേറ്റ് പാതയിലെ പിംപ്രി പി.സി.എം.സി. ഓഫീസ് മുതൽ ഫുഗെവാഡി വരെയുള്ള ആറു കിലോമീറ്റർ, വനാസ് - രാംവാടി പാതയിലെ വനാസ് മുതൽ ഗാർവാരെ കോളേജ് വരെയുള്ള അഞ്ചു കിലോമീറ്റർ എന്നീ പാതകളിലാണ് മെട്രോ സർവീസ് ആരംഭിക്കുക.
സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി മെട്രോ റെയിൽവേ സുരക്ഷാകമ്മീഷണർ ജനക് ഗാർഗ് മെട്രോ പാതകൾ പരിശോധിച്ചതായി പുണെ മെട്രോ റെയിൽ പബ്ലിക് റിലേഷൻസ് മേധാവി ഹേമന്ത് സോനവാനെ പറഞ്ഞു. മെട്രോ പ്രവർത്തനത്തിന്റെ സാങ്കേതികവും വാണിജ്യപരവുമായ എല്ലാ വശങ്ങളും, യാത്രക്കാരുടെ സുരക്ഷയും മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി മൂന്നാം വാരത്തോടെ നഗരത്തിൽ പൊതുജനങ്ങൾക്കായി മെട്രോ റെയിൽ സർവീസ് ആരംഭിക്കാനുള്ള പദ്ധതി പുണെ മെട്രോ റെയിൽ ഉദ്യോഗസ്ഥർ അറിയിച്ചതായി മേയർ മുരളീധർ മൊഹോൾ പറഞ്ഞു. പുണെ മെട്രോയുടെ മൂന്നാമത്തെ പാതയായ ഹിഞ്ചേവാഡി മുതൽ ശിവാജിനഗർ വരെയുള്ള മെട്രോ റെയിൽ പാതയുടെ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ അടുത്തിടെ 1,430 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായും മൊഹോൾ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ