വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം.
ചേർത്തല: എൻ.എൻ.ഡി.പി യോഗത്തിൻെറയും എൻ.എൻ ട്രസ്റ്റിൻെറയും നേതൃപദവിയിൽ വെള്ളാപ്പള്ളി നടേശൻ രജതജൂബിലി പിന്നിട്ടതിൻെറ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്കും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും ഉജ്ജ്വല തുടക്കം. ചേർത്തല എസ്.എൻ കോളജ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ രജതജൂബിലി ആഘോഷങ്ങൾ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിതാനന്ദ പ്രഭാഷണം നടത്തി. കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കൃഷിമന്ത്രി പി. പ്രസാദ്, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, യോഗം പ്രസിഡൻറ് ഡോ. എം. എൻ. സോമൻ എന്നിവർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തി. യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ അരയക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു.
അപ്രിയസത്യങ്ങൾ വിളിച്ചു പറഞ്ഞത് സാമൂഹികനന്മയെ കരുതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഉള്ള കാര്യങ്ങൾ വിളിച്ചു പറയുന്ന സാധാരണക്കാരനാണ്. ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിൻെറയും പ്രാർത്ഥനയുടെയും അംഗീകാരമാണിത്. കടന്നു വന്ന വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. കല്ലും മുള്ളും നീക്കി മുന്നോട്ടു പോകാൻ വഴിയൊരുക്കിയത് സഹപ്രവർത്തകരാണ്. വിമർശനങ്ങളിലൂടെ കുത്തി നോവിക്കാൻ പലരും ശ്രമിച്ചെങ്കിലും തളരാതെ മുന്നേറാൻ കഴിഞ്ഞത് എല്ലാവരുടെയും കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്. കേരളീയ സമൂഹത്തിൻെറ സമഗ്ര മാറ്റങ്ങൾക്കാണ് യോഗം സാരഥ്യം വഹിച്ചതെന്നും ആ പാരമ്പര്യം ഉൾക്കൊണ്ടുള്ള കർമ്മപദ്ധതിയാണ് നടപ്പാക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
إرسال تعليق