കോട്ടയത്ത് വാക്സിൻ എടുക്കാത്തവർ 35,726 പേർ; രണ്ടാം ഡോസ് കാലാവധി പിന്നിട്ടവർ 12,499 പേർ.

കോട്ടയത്ത് വാക്സിൻ എടുക്കാത്തവർ 35,726 പേർ; രണ്ടാം ഡോസ് കാലാവധി പിന്നിട്ടവർ 12,499 പേർ.
കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവരിൽ 35,726 പേർ ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും എടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജില്ലയിൽ നടത്തിയ ഭവന സർവേയിൽ കണ്ടെത്തി. രണ്ടാം ഡോസ് കാലാവധി പിന്നിട്ടിട്ടും 12,499 പേർ വാക്സിൻ എടുത്തിട്ടില്ലെന്നും സർവേ വ്യക്തമാക്കുന്നു. 
       18 വയസിനു മുകളിലുള്ള 15.62 ലക്ഷം പേരിൽ 2.28 ശതമാനമാണ് വാക്സിൻ എടുക്കാത്തവർ. ഇവരിൽ 7482 പേർ ഇതര രോഗങ്ങളുള്ളവരോ അലർജി മൂലമോ ആണ് വാക്സിൻ എടുക്കാത്തത്. 1959 പേർ ഗർഭിണികളാണ്. ബാക്കി 26,000 ൽ അധികം പേരും മതപരമായ കാരണങ്ങളാലും മറ്റും സർക്കാർ ഉത്തരവ് ലംഘിക്കുന്നവരാണ്.
     വാക്സിൻ എടുക്കാത്തവർ ഏറ്റവും കൂടുതൽ ഈരാറ്റുപേട്ട നഗരസഭയിലാണ് -2758 പേർ (9.93%). പൂഞ്ഞാർ -431 (4.2%), മേലുകാവ് -375(4.13%), കടനാട് -559 (3.8%), തീക്കോയി -314 (3.72%), തലപ്പലം -400 (3.63%) എന്നിവിടങ്ങളിലാണ് വാക്സിൻ എടുക്കാത്തവരുടെ നിരക്ക് കൂടുതൽ. വൈക്കം നഗരസഭ -204 (1.09%), കൂട്ടിക്കൽ -78 (0.70%) എന്നിവിടങ്ങളിലാണ് വാക്സിൻ എടുക്കാത്തവരുടെ നിരക്ക് കുറവ്.
      47 തദ്ദേശസ്ഥാപന പരിധികളിൽ വാക്സിൻ എടുക്കാത്തവരുടെ നിരക്ക് രണ്ടു ശതമാനത്തിലധികമാണ്. രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി പിന്നിട്ടവർ ജില്ലയിൽ 12,499 പേരാണ്.  ഏറ്റവും കൂടുതൽ വാഴൂർ (687), തൃക്കൊടിത്താനം (520), കോട്ടയം (507), രാമപുരം (504), പനച്ചിക്കാട് (427) എന്നിവിടങ്ങളിലാണ്. 20 തദ്ദേശ സ്ഥാപനങ്ങളിൽ ഇവരുടെ എണ്ണം ഇരുനൂറിൽ കൂടുതലാണ്.
      ഒമിക്രോൺ, ഡെൽറ്റ തുടങ്ങിയ വകഭേദങ്ങൾ ലോകത്ത് പലയിടങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തിൽ വാക്സിനെടുക്കാൻ ലഭിക്കുന്ന ഏറ്റവും അടുത്ത അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്നും കൃത്യമായി രണ്ടാം ഡോസ് എടുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. വാക്സിൻ എടുക്കാത്തവർക്ക് രോഗം ബാധിക്കാനും ഗുരുതരമാകാനും സാധ്യതയേറെയാണ്.  
     മറ്റു ഗുരുതരരോഗങ്ങൾ ബാധിച്ചവർ നിർബന്ധമായും വാക്സിൻ എടുക്കണം. ഇവർക്ക് വാക്സിൻ തികച്ചും സുരക്ഷിതമാണ്.  വാക്‌സിനെടുക്കാത്ത പക്ഷം രോഗം ബാധിച്ചാൽ ഇവർക്ക് ഗുരുതരം ആകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.  ഇങ്ങനെ ഉള്ളവരിൽ മരണനിരക്കും വളരെ കൂടുതലാണ്. ഗർഭിണികൾക്കും വാക്സിൻ തികച്ചും സുരക്ഷിതം ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ