ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13.
കോയമ്പത്തൂർ: ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽ നിന്ന് ഇന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നു വീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.
കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.
തകർന്നു വീണയുടൻ ഹെലികോപ്റ്ററിൽ തീപടർന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
ബ്രിഗേഡിയര്‍ എല്‍. എസ്. ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്‌മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.
സൈനിക പ്രോട്ടോക്കോൾ പ്രകാരം അപകടത്തിന്റെ വിശദവിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകടത്തിന്റെ വിവരമറിഞ്ഞതിനു പിന്നാലെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.
إرسال تعليق