11,000 താറാവുകളെ കൊന്നു, എരിഞ്ഞു തീർന്നത് കർഷകരുടെ പ്രതീക്ഷകളും.

11,000 താറാവുകളെ കൊന്നു, എരിഞ്ഞു തീർന്നത് കർഷകരുടെ പ്രതീക്ഷകളും.
കോട്ടയം: പക്ഷിപ്പനി ഭീതിയിലായ കോട്ടയം ജില്ലയിൽ 11,268 താറാവുകളെ കൊന്നു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. കല്ലറ പഞ്ചായത്തിൽ 1681, വെച്ചൂരിൽ 3900, അയ്മനത്ത് 5623 എന്നിങ്ങനെയാണ് താറാവുകളെ കൊന്നത്. നടപടി ഇന്നും തുടരും.
മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകർമ്മസേന സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം. മൊത്തം 32,000 താറാവുകളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക്.
      ബുധനാഴ്ചയാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി താറാവുകൾ കൂട്ടത്തോടെ ചാകുന്നുണ്ടായിരുന്നു. സ്രവ പരിശോധനയുടെ ഫലം വന്നതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്.

ഇറച്ചിയും മുട്ടയും വേവിച്ച് കഴിക്കാം; എന്നിട്ടും വിപണിയിൽ ആശങ്ക.
     പക്ഷിപ്പനി ഭീതിയിലായ കോട്ടയം ജില്ലയിൽ 11,268 താറാവുകളെ നശിപ്പിച്ചതോടെ പ്രതീക്ഷ നഷ്ടമായി ഇറച്ചി, മുട്ട വിപണി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തെങ്കിലും താറാവിന്റെ ഇറച്ചിയും മുട്ടയും കഴിക്കുന്നത് ആരോഗ്യവകുപ്പ് വിലക്കിയിട്ടില്ല. തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും വേവിച്ച് കഴിക്കുന്നതിൽ അപകടമില്ലലെന്നും വെറ്ററിനറി വകുപ്പും വ്യക്തമാക്കി. പക്ഷേ, താറാവുകൾ കൂട്ടത്തോടെ ചത്തത് മറ്റ് താറാവ് കൃഷിക്കാരെയും ആശങ്കയിൽ ആക്കിയിട്ടുണ്ട്. കുമരകം, വെച്ചൂർ എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിളുകളുടെ ഫലം വന്നിട്ടുമില്ല. കഴിഞ്ഞ വർഷവും ജില്ലയിൽ പക്ഷിപ്പനി അപകടം വിതച്ചിരുന്നു.
ആദ്യം ഫലം വന്നതു പ്രകാരം 20,000 താറാവുകളെ ഇനിയും കൊല്ലേണ്ടതുണ്ട്. കല്ലറയിൽ വെന്തകരി കിഴക്കേച്ചിറയിൽ 38 ദിവസം പ്രായമായ 1681 താറാവുകളെയാണ് കൊന്നത്. രമണൻ എന്ന കർഷകന്റേതാണ് താറാവ്. ഇവിടെ നടപടികൾ പൂർത്തിയായി. വെച്ചൂരിൽ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് മൂന്നര മാസം പ്രായമായ 3900 താറാവുകളെ നശിപ്പിച്ചു. ഹംസ എന്ന കർഷകന്റേതാണിത്. ഇവിടെ വ്യാഴാഴ്ചയും പക്ഷികളെ നശിപ്പിക്കും. അയ്മനത്ത് വാർഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാലി പാടശേഖര പ്രദേശത്തെ 5623 താറാവുകളെയും 42 ദിവസം പ്രായമായ 64 താറാവുകളെയുമാണ് നശിപ്പിച്ചത്. വിദ്യാധരൻ, രഘു, സജിമോൻ, സുദർശൻ, അനീഷ് എന്നിവരുടെതാണ് താറാവ്. അയ്മനത്തും വെച്ചൂരിലും രാത്രി വൈകിയും ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ നശീകരണജോലികൾ തുടർന്നു.
       കല്ലറ- രണ്ട്, വെച്ചൂർ- അഞ്ച്, അയ്മനം-മൂന്ന് എന്നിങ്ങനെയാണ് ദൗത്യസംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തി. രാത്രിയിലെ നശീകരണ പ്രവർത്തനങ്ങൾക്കായി അഗ്നിരക്ഷാസേന അസ്കാ ലൈറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കും നശീകരണ ജോലിയിലുള്ളവർക്കും പ്രതിരോധ മരുന്നുകൾ നൽകി.
       ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ. ടി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, വൈക്കം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കൽ (കല്ലറ), കെ. ആർ. ഷൈലകുമാർ (വെച്ചൂർ), സബിത പ്രേംജി (അയ്മനം), വൈസ് പ്രസിഡന്റ് മനോജ് കരീമഠം (അയ്മനം) എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. പക്ഷിപ്പനിമൂലം താറാവ് ഇറച്ചിയുടെ വിലയിടിഞ്ഞുവെന്ന് മാത്രമല്ല കച്ചവടം നിലച്ച അവസ്ഥയിലാണ്. മുട്ടയുടെ വില്പനയും കുറഞ്ഞു.
.

Post a Comment

വളരെ പുതിയ വളരെ പഴയ