മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും.
ശബരിമല: വൃശ്ചികം ഒന്നാം തീയതിയായ നാളെ മുതല്‍ തീര്‍ത്ഥാടകര്‍ ഇരുമുടിയേന്തി മല കയറിത്തുടങ്ങും. ഒരു മണ്ഡലകാലത്തിന് കൂടി തുടക്കം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പുതിയ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനായി തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തി വിടും. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ദര്‍ശനത്തിനെത്താം.
മുതിർന്നവർ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. കുട്ടികൾ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം.
പമ്പാ സ്നാനം അനുവദിക്കില്ല.
ജില്ലയിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത 3-4 ദിവസങ്ങളില്‍ ശബരിമലയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിര്‍ദ്ദേശമുണ്ട്. നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല.
കെഎസ്‌ആര്‍ടിസി സര്‍വീസ് ഇന്നു മുതല്‍.
പമ്പയിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. 231 കെഎസ്‌ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുക. ഓരോ പത്തുമിനിറ്റിലും നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ഉണ്ടാകും. 120 ബസുകള്‍ ഇതിനുമാത്രമായി ഉണ്ടാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ