കേരളത്തിൽ ഒക്ടോബറിൽ പെയ്തത് റെക്കോർഡ് മഴ.
തിരു.: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 1901 മുതലുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ വർഷം ഒക്ടോബറിൽ. 589.9 മില്ലിമീറ്റർ മഴയാണ് ഇത്തവണ ലഭിച്ചത്. 1999ൽ ലഭിച്ച 566 മില്ലിമീറ്റർ മഴയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ഈ വർഷം ജനുവരിയിലും ലഭിച്ച മഴ സർവകാല റെക്കോർഡ് ആയിരുന്നു. ശരാശരി 5.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ ഇത്തവണ ലഭിച്ചത് 105.5 മില്ലിമീറ്റർ മഴ. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 60 % കൂടുതൽ ലഭിച്ചു കഴിഞ്ഞു. ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (866.9 മില്ലിമീറ്റർ). ഇടുക്കി (710.5), കൊല്ലം (644.7), കോഴിക്കോട് (625.4) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 മില്ലിമീറ്റർ ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപു തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
إرسال تعليق