കെ. അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.
തിരു.: നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നാളെ പൂർത്തിയാകവേ, പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎം നേതാവ് കെ. അനന്തഗോപനെ നിയമിക്കും. എൻ. വാസുവിന്റെ കാലാവധി നാളെ അവസാനിക്കും. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നയാളാണ് കെ. അനന്തഗോപൻ. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്.
ബിഎസ്‌സി, എൽഎൽബി ബിരുദധാരിയായ അനന്തഗോപൻ അഭിഭാഷകൻ കൂടിയാണ്. 1970ൽ കെഎസ്‌വൈഎഫിലൂടെ രാഷ്‌ട്രീയ രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം 2001ലാണ് പാർട്ടി ജില്ലാ സെക്രട്ടറിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് ഡയറക്‌ടർ എന്നീ നിലയിലും തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ദേവസ്വം അംഗമായി സിപിഐ നോമിനിയായി മനോജ് ചരളേലിനെ ശുപാർശ ചെയ്‌തു. റാന്നി സ്വദേശിയായ മനോജ് സിപിഐ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്.
അതേസമയം, വീണ്ടും ഈശ്വരവിശ്വാസിയല്ലാത്ത ഒരാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തെത്തുന്നതിൽ വിശ്വാസികൾ അമർഷത്തിലാണ്. ഭക്തജനങ്ങളുടെ വികാരങ്ങളറിയുന്ന ഒരാൾ ആയിരിക്കണം ദേവസ്വം ബോർഡ് പോലെ വിശ്വാസത്തിലൂന്നിയ ഒരു സംവിധാനത്തിൻ്റെ തലപ്പത്ത് എന്നാണ് ഹൈന്ദവ വിശ്വാസികൾ ആഗ്രഹിക്കുന്നത്. എങ്കിലേ ഭക്തജനങ്ങൾക്ക് അനുകൂലമായ നടപടികൾ ഉണ്ടാകൂ എന്ന് അവർ വിശ്വസിക്കുന്നു.
إرسال تعليق