മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.
തിരു.: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഗുരുതരമായ വീഴ്ച വരുത്തി. ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ വീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് സർക്കാർ അറിയാതെ അനുമതി നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസറായിരുന്നു അനുമതി നൽകിയത്. എന്നാൽ, വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചർച്ചകൾക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു പ്രശ്നത്തിൽ തീരുമാനമെടുക്കുമ്പോൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി കഴിഞ്ഞ ദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ കത്തയച്ചു. എന്നാൽ അനുമതി കൊടുത്തത് സംബന്ധിച്ച് സർക്കാരിന് അറിവില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.
ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കൂവെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും പ്രതികരിച്ചിരുന്നു.
إرسال تعليق