കോൺഗ്രസിൻ്റെ വഴി തടയൽ സമരത്തിൽ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരേ ആക്രമണം.

കോൺഗ്രസിൻ്റെ വഴി തടയൽ സമരത്തിൽ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരേ ആക്രമണം.


കൊച്ചി: ഇന്ധന വില വർദ്ധനവിനെതിരേ കോൺഗ്രസ് നടത്തിയ, വഴി തടയൽ സമരത്തിനോട് പ്രതികരിച്ച നടൻ ജോജു ജോർജിനെതിരേ ആക്രമണം. ജോജുവിൻ്റെ കാറിൻ്റെ ചില്ല് തല്ലിപ്പെട്ടിക്കുകയും ദേഹോപദ്രവമേൽപ്പിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും  ചെയ്തു. എറണാകുളം ഇടപ്പള്ളി ദേശീയപാതയിലാണ് സംഭവം. വളരെയധികം സമയം വാഹനവുമായി മുന്നോട്ടു പോകാനാവാതെ വരികയും അടുത്തുള്ള മറ്റൊരു വാഹനത്തിൽ കീമോതെറാപ്പിയ്ക്ക് വിധേയമായ ഒരു കുട്ടി ഉൾപ്പടെ വലയുന്നത് കാണുകയും ചെയ്ത സാഹചര്യത്തിലാണ് നടൻ പ്രതികരിച്ചത്. ഇന്ധന വില വർദ്ധനവിനെതിരേ പ്രതികരിക്കേണ്ടതാണെന്നും എന്നാൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിലാണ് താൻ പ്രതികരിച്ചതെന്നും ജോജു പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല കോൺഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും ജോജു പറഞ്ഞു. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവർക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവർക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടേയെന്നും ജോജു ജോർജ് ചോദിച്ചു. പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു.   

     അതേസമയം, ജോജു മദ്യപിച്ചിരുന്നതായും സ്ത്രീകളെ കടന്നുപിടിച്ചെന്നും കോൺഗ്രസിൽ ഒരു വിഭാഗം ആരോപിച്ചു.   

      ജോജുവിൻ്റെ വാക്കുകളിലേക്ക്. 'കേരള ഹൈക്കോടതി വിധി പ്രകാരം പൂർണ്ണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നില നിൽക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടു പോകുന്ന ഒരു കൊച്ചു കുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയർത്തു കുളിച്ച് കുറേ പേർ ഇരിക്കുന്നു. ഇതിനേ തുടർന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്.'

     'പ്രതിഷേധം കോൺഗ്രസ് പാർട്ടിയോടോ മുഴുവൻ കോൺഗ്രസ് പ്രവർത്തകരോടോ അല്ല. റോഡ് ഉപരോധിച്ചവരോട് മാത്രമാണ്. എന്റെ അപ്പനേയും അമ്മയേയും തെറി വിളിച്ചത് കോൺഗ്രസിന്റെ പ്രധാന നേതാക്കളാണ്. അവർക്ക് എന്നെ തെറിവിളിക്കാം, ഇടിക്കാം. അപ്പനും അമ്മയും എന്ത് ചെയ്തു ? അപ്പനും അമ്മയ്ക്കും ഈ പ്രായത്തിലും ഞാൻ കാരണം അവിടെ നിന്ന് തെറി കേൾക്കേണ്ടി വന്നു. അതിനു ശേഷം മദ്യപിച്ചിട്ടുണ്ടെന്ന് പരാതി നൽകി. ശരിയാണ് ഞാൻ മദ്യപിച്ചിരുന്നയാളാണ്. പക്ഷേ ഇപ്പോൾ മദ്യപിച്ചിട്ടില്ല. അവിടെ കൂടിയവർക്ക് എതിരേ മാത്രമാണ് പറഞ്ഞത്. ഇത് ഒരു തരത്തിലും കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുക്കേണ്ടതില്ല. എന്റെ അമ്മ ഒരു കോൺഗ്രസുകാരിയാണ്. ഇത് കുറച്ച് വ്യക്തികളുമായി ഉണ്ടായ പ്രശ്നമാണ്. അവർ ചെയ്തത് ശരിയല്ലെന്നതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. സിനിമാ നടനാണ് എന്നത് വിടുക. സിനിമാ നടനാണ് എന്നതു കൊണ്ട് എനിക്ക് പറയാൻ പാടില്ലെന്നുന്നുണ്ടോ ? ഞാൻ സഹികെട്ടിട്ടാണ് പറഞ്ഞത്. ഇത് രാഷ്ട്രീയവൽക്കരിക്കരുത്. ഇതിന്റെ പേരിൽ ഇനിയൊരു ചർച്ചയ്ക്ക് താല്പര്യമില്ല. എനിക്കിതൊരു ഷോ അല്ല. സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. ഒരു കാര്യത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഉടൻ വന്ന പ്രതികരണം സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ്. എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. ഇവരെയെല്ലാം പൊന്നുപോലെ നോക്കുന്നയാളാണ്. കേരളത്തിലെ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. പെരുമാറിയെന്നാണ് അവർ പറയുന്നത്. ഒരു ചേച്ചിയൊക്കെ എന്റെ കാർ തല്ലിപ്പൊളിക്കുകയാണ്. അവർ ചിന്തിക്കണം അവരെന്താണ് ചെയ്യുന്നതെന്ന്. ഞാൻ പെട്ടുപോയി. കള്ളു കുടിച്ചില്ലന്ന് തെളിയിക്കേണ്ടി വന്നു. ഇന്ധനവില വർദ്ധനവ് വലിയ പ്രശ്നമാണ്. ആ സമരരീതിയെ മാത്രമാണ് എതിർത്തത്. റോഡിൽ വണ്ടി നിർത്തിയിട്ട് അവർ സെൽഫി എടുക്കുകയാണ്. പോലീസിനോട് ചോദിച്ചപ്പോൾ അവർ പറഞ്ഞാൽ പോലും കേൾക്കില്ലെന്നാണ് പറഞ്ഞത്. എന്ത് വ്യവസ്ഥയിലാണിത്. നല്ല പണികിട്ടി, നാണം കെട്ടു. തന്നെ ഉപദ്രവിച്ചതിനും അധിക്ഷേപിച്ചതിനും വാഹനം തല്ലി തകർത്തതിനും പരാതി നൽകേണ്ടേ ?'- ജോജു ചോദിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ