മൂന്നിടത്തായി നാലു കുഞ്ഞുങ്ങൾ വെളളത്തില്‍ വീണു മരിച്ചു.

മൂന്നിടത്തായി നാലു കുഞ്ഞുങ്ങൾ വെളളത്തില്‍ വീണു മരിച്ചു.
തിരു.: സംസ്ഥാനത്ത് മണിക്കൂറുകള്‍ക്കിടെ മൂന്നു സ്ഥലങ്ങളിലായി നാല് കുട്ടികള്‍ വെള്ളത്തില്‍ വീണ് മരിച്ചു. തൃശൂരില്‍ രണ്ടു കുട്ടികളും തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയുമാണ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര രാമേശ്വരത്ത് ഒന്നര വയസ്സുകാരിയെ ആണ് ആറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര രാമേശ്വരം സ്വദേശികളായ സജിന്‍, ആതിര ദമ്പതികളുടെ മകള്‍ അനാമികയുടെ മൃതദേഹമാണ് സമീപത്തെ ആറ്റില്‍ നിന്ന് കണ്ടെത്തിയത്. നെയ്യാറിന് തീരത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അനാമികയെ ഉച്ചയ്ക്ക് 12 മണി മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ കടവില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു. കളിക്കുന്നതിനിടയില്‍ കാല്‍ വഴുതി അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
      വയനാട് എടവകയില്‍ രണ്ടു വയസുകാരി കുളത്തില്‍ വീണു മരിച്ചു. എടവക കാരക്കുനി ചേമ്പിലോട് നൗഫല്‍, നജുമത് ദമ്പതികളുടെ മകള്‍ നാദിയ ഫാത്തിമയാണ് (2) കുളത്തില്‍ മുങ്ങി മരിച്ചത്. വീടിന് സമീപത്തെ മീന്‍ വളര്‍ത്തുന്ന ചെറിയ കുളത്തില്‍ വീണാണ് അപകടം. കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തില്‍ കണ്ടെത്തിയത്. ഉടനെ വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
      തൃശ്ശൂരില്‍ പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. ആറാട്ടുപുഴ മന്ദാരകടവില്‍ കൈകാല്‍ കഴുകാന്‍ പുഴയില്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. കുന്നത്ത് വീട്ടില്‍ മണിയുടെ മകന്‍ ഗൗതം സാഗറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെളുത്തൂടന്‍ ഷാജിയുടെ മകന്‍ ഷജിലിനായി തെരച്ചില്‍ തുടരുന്നു. ഇന്നലെ ഉച്ചക്കാണ് അപകടം സംഭവിച്ചത്. ഫുട്ബോള്‍ മത്സരം കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ പുഴയില്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. പുഴയില്‍ കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Post a Comment

أحدث أقدم