കെ റെയില്‍ ചൈനാ വന്‍മതില്‍ പോലെ, കേരളത്തെ രണ്ടായി വിഭജിക്കും, പദ്ധതി റിപ്പോര്‍ട്ട് ജനങ്ങളില്‍ നിന്ന് മറച്ചു വച്ചിരിക്കുകയാണെന്ന് ഇ. ശ്രീധരന്‍.
കൊച്ചി: കാസര്‍കോട് - തിരുവനന്തപുരം അതിവേഗ കെ റെയില്‍ പദ്ധതി കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവും താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതും ആണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടറും മുഖ്യ ഉപദേഷ്ടാവുമായിരുന്ന ഇ. ശ്രീധരന്‍. പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപ ചെലവാകുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
75,000 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാനാവില്ല. ഡല്‍ഹി റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതിയുടെ ചെലവ് അടിസ്ഥാനമാക്കിയാല്‍ 1.10 ലക്ഷം കോടി രൂപ വേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത്രയും തുക കണ്ടെത്താന്‍ എളുപ്പമല്ല. 2025ല്‍ പൂര്‍ത്തിയാക്കുമെന്ന് പറയുന്നത് നിര്‍വഹണ ഏജന്‍സിയുടെ അജ്ഞതയാണ്. എട്ടു മുതല്‍ പത്ത് വര്‍ഷം വരെ നിര്‍മ്മാണത്തിന് വേണ്ടി വരും. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത 27 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ പോലും അഞ്ചു വര്‍ഷത്തിനിടെ കഴിഞ്ഞിട്ടില്ല.
നിലമ്പൂര്‍ - നഞ്ചങ്കോട് പാത നടപ്പാക്കുന്നതില്‍ നിന്ന് ഡി.എം.ആര്‍.സിയെ തടഞ്ഞത് കേരളമാണ്. സ്ഥലമെടുത്ത് നല്‍കുന്നതില്‍ സര്‍ക്കാരിന്റെ താത്പര്യക്കുറവ് കൊണ്ടാണ് റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ നീളുന്നത്. റെയില്‍വേ ബോര്‍ഡിനെ മറികടന്ന് പദ്ധതിയുമായി മുന്നേറാനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്റെ വാദങ്ങള്‍
അലൈന്‍മെന്റ് ഉചിതമല്ല. കാസര്‍കോട് മുതല്‍ തിരൂര്‍ വരെ റെയില്‍പ്പാതയ്ക്ക് സമാന്തരമായാണ് അലൈന്‍മെന്റ്. റെയില്‍വേയുടെ വികസനത്തിന് ഇത് തടസമാകും. 140 കിലോമീറ്റര്‍ പാടങ്ങളിലൂടെ പോകുന്നത് അതിവേഗപാതയ്ക്ക് അനുയോജ്യമല്ല. പാതയുടെ ഇരുവശത്തും മതില്‍ നിര്‍മ്മിക്കുന്നത് വെള്ളമൊഴുക്കും ജനങ്ങളുടെ യാത്രയും തടയും. തെക്കു മുതല്‍ വടക്കു വരെ കേരളത്തെ ചൈനാ മതില്‍ പോലെ രണ്ടായി വിഭജിക്കും. തറനിരപ്പില്‍ ലോകത്തെങ്ങും അതിവേഗ റെയില്‍ നടപ്പാക്കിയിട്ടില്ല. ഗേജ് ഉള്‍പ്പെടെ സാങ്കേതിക സംവിധാനങ്ങള്‍ റെയില്‍വേ അംഗീകരിച്ചിട്ടില്ല. രാത്രി ചരക്കു ലോറികള്‍ കയറ്റിയ ട്രെയിന്‍ ഓടിക്കാനാവില്ല. പാതയിലെ അറ്റകുറ്റപ്പണി രാത്രിയിലാണ് നടത്തേണ്ടത്.
നിലവിലെ റെയില്‍പ്പാതയുമായി ബന്ധിപ്പിച്ച് ഗൂഗിള്‍ സര്‍വേ മാത്രമാണ് നടത്തിയത്. അതുപ്രകാരം സ്ഥലമെടുക്കുന്നത് അന്തിമ അലൈന്‍മെന്റ് തീരുമാനിക്കുമ്പോൾ, അനുയോജ്യമല്ലാതാകും. ഗതാഗത, പരിസ്ഥിതി, ജിയോ ടെക്‌നിക്കല്‍ സര്‍വേകള്‍ നടത്തിയിട്ടില്ല. സങ്കല്പങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ജനങ്ങളില്‍ നിന്ന് മറച്ചു വച്ചിരിക്കുകയാണ്. ഇരുപതിനായിരം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സ്ഥലലഭ്യത കുറവുള്ള സംസ്ഥാനത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق