വിമാന യാത്രക്കൂലിയിലെ കൊള്ള അവസാനിപ്പിക്കണം: എം. വി. ശ്രേയാംസ് കുമാർ എംപി.

വിമാന യാത്രക്കൂലിയിലെ കൊള്ള അവസാനിപ്പിക്കണം: എം. വി. ശ്രേയാംസ് കുമാർ എംപി.
തിരു.: ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രക്കൂലി ഉയർന്ന നിലയിൽ തുടരുകയാണെന്നും ഈ പകൽക്കൊള്ള അവസാനിപ്പിക്കാൻ അടിയന്തിര നടപടി എടുക്കണമെന്നും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻറ് എം. വി. ശ്രേയംസ് കുമാർ എംപി  ആവശ്യപ്പെട്ടു. ഗൾഫിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചതിനു പിന്നാലെ, ഇവിടങ്ങളിലേക്ക് പോകാൻ മലയാളികളടക്കമുള്ളവരുടെ തിരക്കാണ്. മാസങ്ങളായി തൊഴിലും വരുമാനവും ഇല്ലാതെ നിന്നവർ എങ്ങനെയെങ്കിലും ജോലിസ്ഥലത്ത് എത്താനാണ് ശ്രമിക്കുന്നത്. ഈ ദയനീയ അവസ്ഥ ചൂഷണം ചെയ്യാനാണ് വിമാനക്കമ്പനികൾ ശ്രമിക്കുന്നത്. യുഎഇ യിലേക്കുള്ള ടിക്കറ്റ് പതിനായിരം രൂപയിൽ താഴെ ആയിരുന്നു ഇപ്പോൾ മുപ്പതിനായിരം രൂപയിലേറെ ആണിത്. സൗദിയിലേക്കുള്ള നിരക്ക് എഴുപതിനായിരത്തിന് മുകളിലായി. നിവൃത്തി ഇല്ലാത്തതിനാലാണ് അധിക നിരക്ക് നൽകി യാത്രക്കാർ ടിക്കറ്റ് എടുക്കുന്നത്. കോവിഡ് കാലത്തെ നഷ്ടം നികത്താൻ വിമാനകമ്പനികൾ ഈ അവസരം ഉപയോഗിക്കുന്നത് കടുത്ത അനീതിയാണ്. ചൂഷണം അവസാനിപ്പിക്കാൻ വിമാന കമ്പനികൾക്ക് വ്യോമയാന വകുപ്പ് നിർദ്ദേശം നൽകണം. നഷ്ടം നികത്താൻ കേന്ദ്രസർക്കാർ സഹായിക്കണമെന്ന വിമാന  കമ്പനികളുടെ ആവശ്യവും പരിഗണിക്കണം. യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ വിദേശകാര്യ വകുപ്പും വ്യോമയാന വകുപ്പും ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നും ശ്രേയംസ് കുമാർ ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ