സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ്ഗരേഖ പുറത്തിറക്കി.
തിരു.: ''തിരികെ സ്കൂളിലേക്ക് '' എന്ന തലക്കെട്ടോടെ പുറത്തിറക്കിയ മാർഗ്ഗരേഖയിൽ എട്ട് വിഭാഗങ്ങളുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും ചേർന്നാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്.
സ്കൂൾ തുറക്കുമ്പോൾ ക്ലാസ് മുറികളെ ബയോ ബബിളായി പരിഗണിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകൾ. കുട്ടികൾ കൂട്ടം കൂടുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.
രണ്ട് ഡോസ് വാക്സീൻ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും നിർബന്ധമാണ്. സ്കൂൾ ബസിലെ ജീവനക്കാരും വാക്സീൻ എടുത്തവരാകണം. ജീവനക്കാർക്ക് പുറമേ സ്കൂൾ പ്രദേശത്തെ കടകളിലെ ജീവനക്കാരും വാക്സീൻ എടുക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.
സ്കൂൾ തുറന്നാലും ഒപ്പം ഡിജിറ്റൽ ക്ലാസും ഉണ്ടാകും. രക്ഷിതാക്കളുടെ സമ്മതമുള്ള കുട്ടികൾ മാത്രം സ്കൂളിലെത്തിയാൽ മതി. എല്ലാവരും സ്കൂളിലേക്ക് എത്തണമെന്ന് നിർബന്ധവുമില്ല. വിപുലമായ അക്കാദമിക് കലണ്ടറും പ്രസിദ്ധീകരിക്കും. ടൈംടേബിൽ പ്രത്യേകം ഉചിതമായി സജ്ജമാക്കും.
കെഎസ്ആർടിസി വിദ്യാർഥികൾക്ക് മാത്രമായി സർവീസ് നടത്തും. സ്കൂൾ ബസ് ഇല്ലാത്തിടത്ത് ജനകീയ പങ്കാളിത്തത്തോടെ പകരം വാഹനം ഒരുക്കും. ഓട്ടോയിൽ പരമാവധി മൂന്ന് വിദ്യാർത്ഥികൾക്ക് മാത്രമാണ് യാത്രാനുമതി.
ഓരോ ക്ലാസിനും പിടിഎ യോഗം വിളിക്കും. സ്കൂളുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. ഓണ് കോളിൽ എത്താവുന്ന ഡോക്ടർ സ്കൂളിനായി ഉണ്ടാവണം. പോലീസ് ഓഫീസർമാർക്കും പ്രത്യേക ചുമതല നൽകും. ആറ് വകുപ്പുകൾക്ക് ഏകോപന ചുമതല നൽകും.
പൊതു അവധി അല്ലാത്ത ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. ഉച്ചഭക്ഷണം നൽകുന്നത് സ്കൂളുകളുടെ സാഹചര്യം പരിഗണിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് സ്പെഷൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി ചേർന്ന് ഉന്നത തല യോഗം ചേർന്നിരുന്നു. ഇതിൽ രൂപീകരിച്ച നാല് അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ