ലക്ഷ്യം മറന്നു കൊണ്ടുള്ള പരിഷ്കാരങ്ങൾ, കെ എസ് ആർ ടി സിയ്ക്ക് ഗുണകരമല്ല; സണ്ണി തോമസ്.

ലക്ഷ്യം മറന്നു കൊണ്ടുള്ള പരിഷ്കാരങ്ങൾ, കെ എസ് ആർ ടി സിയ്ക്ക് ഗുണകരമല്ല; സണ്ണി തോമസ്.
ചങ്ങനാശ്ശേരി: കെ എസ് ആർ ടി സിയുടെ അടിസ്ഥാന ലക്ഷ്യം മറന്നു കൊണ്ടുള്ള പരിഷ്ക്കാരങ്ങൾ, സ്ഥാപനത്തിന് ഗുണത്തേക്കാളേറെ ദോഷമേ വരുത്തുകയുള്ളൂവെന്ന് കെ എസ് ടി ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ടും കെ എസ് ആർ ടി സി മുൻ ഡയറക്ടർ ബോർഡ് മെമ്പറുമായ സണ്ണി തോമസ്.  ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പു വരുത്തുന്നതിനായി തുടങ്ങിയ കെ എസ് ആർ ടി സി, കൃത്യതയോടെ സർവീസുകൾ നടത്തുന്നതിനാവണം പ്രാമുഖ്യം നൽകേണ്ടത്. ആവശ്യാനുസരണം പുതിയ ബസുകൾ വാങ്ങുകയും സർവീസ് നടത്തുന്നതിന്  മതിയായ ജീവനക്കാരെ ഉറപ്പു വരുത്തുകയും വേണം. കൊറോണ കാലയളവിൽ സംസ്ഥാനത്ത് നിർത്തൽ ചെയ്ത  ആയിരക്കണക്കിന് സർവീസുകൾ പൂർണ്ണമായും പുനരാരംഭിച്ച്, പൊതുഗതാഗത മേഖലയ്ക്ക് കരുത്തു പകരണമെന്നും സണ്ണി തോമസ് ആവശ്യപ്പെട്ടു. 
        കെ എസ് ടി ഡ്രൈവേഴ്സ് യൂണിയൻ മേഖല വാർഷിക സമ്മേളനം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് അനൂപ് എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ, ടി. എൻ. ബൈജു, ടി. അരുൺ കുമാർ, അനു വി. എസ്., പി. കെ. അനോജ് കുമാർ, കെ. പി. വിനോദ് കുമാർ, ജോബിൻ പി. ജോർജ്, പ്രസാദ് എം. ബാലൻ, ബിനോജ് മോൻ സി., സുലഭ് ചന്ദ്രൻ എ. സി., നിജോ കെ. ജയിംസ് എന്നിവർ പ്രസംഗിച്ചു. 
      ചങ്ങനാശേരിയിൽ നിന്നും ആലപ്പുഴ വഴി സർവീസ് നടത്തി വന്നിരുന്ന അമൃത ഹോസ്പിറ്റൽ സർവീസ്, എ.സി. റോഡിലെ ഗതാഗതം നിർത്തലാക്കിയ സാഹചര്യത്തിൽ, കോട്ടയം - കാഞ്ഞിരമറ്റം വഴി സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്നും ഡിപ്പോയിൽ നിന്ന് നിർത്തലാക്കിയ 10 മണിക്കുള്ള മണിമല സ്റ്റേ സർവീസ്, 6.20 നുള്ള കട്ടപ്പന സർവീസ്, 7.30നുള്ള  മുണ്ടക്കയം - കട്ടപ്പന സർവീസ് എന്നിവ അടക്കം ദീർഘദൂര സർവീസുകൾ, എത്രയും വേഗം പുനരാരംഭിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ