ചെറിയാന്‍ ഫിലിപ്പിനു സിപിഎം മടുത്തോ ?
കോട്ടയം: ഇരുപതു വര്‍ഷത്തെ സിപിഎം തടങ്കല്‍പ്പാളയം ചെറിയാന്‍ ഫിലിപ്പിനു മടുത്തു. സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് അകലം പാലിച്ച് സ്വന്തം കര്‍മ്മമണ്ഡലത്തില്‍ സജീവമാകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ വച്ചു നീട്ടിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം വേണ്ടെന്നു വച്ചു. സ്വകാര്യ തിരക്കുകളുള്ളതിനാല്‍ പുതിയ ചുമതല ഏല്‍ക്കാനാവില്ലെന്ന് ചെറിയാന്‍ ഇടതു നേതൃത്വത്തെ അറിയിച്ചു എന്നാണു വിവരം.
കെഎസ്‌യുവിലൂടെ കേരള രാഷ്‌ട്രീയത്തിലെത്തിയ ചെറിയാന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. എ. കെ. ആന്‍റണി കെപിസിസി പ്രസിഡന്‍റായിരിക്കെ, പ്രധാന ചുമതലകള്‍ നല്‍കി ജനറല്‍ സെക്രട്ടറിയുമാക്കി. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ക്ക് നിയമ സഭയില്‍ മത്സരിക്കാന്‍ സീറ്റ് അനുവദിക്കരുതെന്ന വിചിത്രമായ ന്യായമുയര്‍ത്തി 2001ല്‍ ചെറിയാന്‍ കോണ്‍ഗ്രസ് വിട്ടു. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ പാര്‍ട്ടി വഴങ്ങിയില്ല. തുടര്‍ന്ന് ഇടതു പാളയത്തിലെത്തിയ ചെറിയാന്‍ 2001ല്‍ പുതുപ്പള്ളിയില്‍ സിപിഎം സ്വതന്ത്രനായി ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിച്ചു ദയനീയമായി പരാജയപ്പെട്ടു. 2006ല്‍ കല്ലൂപ്പാറയില്‍ ജോസഫ് എം പുതുശേരിക്കും 2011ല്‍ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനുമെതിരേ ചാവേറായി.
പരാജയപ്പെടുന്ന സീറ്റുകളിലേക്കു മത്സരിപ്പിച്ച് തന്നെ ചാവേറാക്കരുതെന്ന് ചെറിയാന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള സീറ്റില്‍ മത്സരിപ്പിക്കുമെന്ന് ചെറിയാന്‍ പ്രതീക്ഷിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. അതോടെ തന്‍റെ രാഷ്‌ട്രീയ ഭാവി ഇരുളടഞ്ഞെന്നു മനസിലാക്കിയ അദ്ദേഹം ഉള്‍വലിഞ്ഞു. അനുനയിപ്പിക്കാനാണ് താരതമ്യേന അപ്രസക്ത വകുപ്പായ ഖാദിബോര്‍ഡില്‍ പ്രതിഷ്ഠിച്ചത്. അതു പക്ഷേ, ചെറിയാനു ദഹിച്ചില്ല. നേരത്തേ താന്‍ വഹിച്ചിരുന്ന കെടിഡിസി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതല്ലെങ്കില്‍ ക്യാബിനറ്റ് പദവിയോടെ ഏതെങ്കിലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് ചെറിയാന്‍ ആഗ്രഹിച്ചത്. ഇതൊന്നും അനുവദിച്ചു നല്‍കാന്‍ സിപിഎം തയാറായില്ല. അതോടെ തല്‍ക്കാലം പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
"അടിയൊഴുക്കുകൾ'' എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണു ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരിക്കുന്നത്. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച "കാൽ നൂറ്റാണ്ട് '' എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രത്താളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്. കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാറൽ മാർക്സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ