വന്യമൃഗശല്യം: നഷ്ടപരിഹാരം തീർത്തും അപര്യാപ്തം എന്ന അഭിപ്രായം ഹൈക്കോടതിക്ക് : പി. സി. തോമസ്.
കൊച്ചി: വന്യമൃഗാക്രമണം മുലം നഷ്ടം ഉണ്ടാക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുവാൻ കേരള സർക്കാരിന്റെ നിയമമുണ്ടെങ്കിലും, അതു പ്രകാരം അനുവദിക്കാവുന്ന തുക തികച്ചും അപര്യാപ്തമാണെന്നുള്ള അഭിപ്രായത്തിൽ കേരള ഹൈക്കോടതി പ്രത്യേകമായ ഒരു വിധി പ്രസ്താവിച്ചിട്ടുണ്ടെന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
നഷ്ടപരിഹാരം എത്ര കൊടുക്കണം എന്ന നിയമം ഉണ്ടാക്കേണ്ടത് കേരള സർക്കാരാണ്. ഇന്ന രീതിയിൽ അതുണ്ടാക്കണമെന്ന്, ഹൈക്കോടതിക്ക് നിർദ്ദേശിക്കുവാൻ വയ്യ. അതു തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം കേരള സർക്കാരിനും നിയമസഭയ്ക്കുമാണ്. ആ അവകാശത്തിൽ കൈ വയ്ക്കാതെയാണ് ബഹു: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ വിധി പ്രസ്താവിച്ചത്.
50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, കാട്ടാനയുടെ ആക്രമണത്തിനു വിധേയനായി, വലതുകാൽ മുട്ടിനു മുകളിൽ വച്ച് നഷ്ടപ്പെട്ട വയനാടു സ്വദേശി തമ്പി എന്ന ആദിവാസി യുവാവ്, സർക്കാർ അനുവദിച്ച 75,000 രൂപ എന്നത് തീരെക്കുറഞ്ഞു പോയെന്നു കാണിച്ചാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.
അപേക്ഷകന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് റോജോ ജോസഫിന്റെ വാദം കേട്ടശേഷം, കോടതി 75,000 രൂപ എന്ന തുക ഏറെ കുറവാണെന്ന നിഗമനത്തിലെത്തിയത് കൊണ്ടു കൂടിയാണ്, കേരള സർക്കാരിന് ഒരു നിർദ്ദേശം എന്ന രീതിയിൽ കൂടുതൽ തുക അനുവദിക്കേണ്ടതാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ ഇപ്പോഴത്തെ നിയമം അതിന് അനുയോജ്യമല്ലാത്തതു കൊണ്ടും, നിയമം മാറ്റി തുക വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിക്കുവാൻ ഹൈക്കോടതിക്ക് അവകാശം ഇല്ലാത്തതു കൊണ്ടുമാവാം, അപേക്ഷകനനുവദിച്ച തുക കൂട്ടേണ്ടതാണെന്ന രീതിയിൽ നിർദ്ദേശം കൊടുത്തത്. അപേക്ഷകന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ട കോടതി, വാദിഭാഗം അഭിഭാഷകനെ കൂടി കേട്ട ശേഷം തുക വർദ്ധിപ്പിച്ചു കൊടുക്കണം എന്നാണ് വിധി പ്രസ്താവിച്ചത്.
വന്യമൃഗ ആക്രമണത്തിൽ പരിക്കു പറ്റുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കുന്ന നിയമം, ഈ വിധിയും കൂടി കണക്കിലെടുത്തു കൊണ്ട് അടിയന്തരമായി ഭേദഗതി ചെയ്ത് കൂടുതൽ നഷ്ടപരിഹാരം കൊടുക്കുവാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, എന്നിവ൪ക്ക് തോമസ് ഇ-മെയിൽ സന്ദേശമയച്ചു.
إرسال تعليق