സൺ റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫിൽ.

സൺ റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫിൽ.

ഷാര്‍ജ: ഐപിഎല്ലില്‍ ആരാധകര്‍ കാണാന്‍ കൊതിച്ചിരുന്ന കാഴ്ച ഒടുവില്‍ യാഥാര്‍ത്ഥ്യമായി. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി 18 പോയന്‍റുമായാണ് ചെന്നൈ പ്ലേ ഓഫിലെത്തിയത്.
      ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു.  45 റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദും 41 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയും ചേര്‍ന്നാണ് ചെന്നെയുടെ ജയം അനാസായമാക്കിയത്. 
        സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 134-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 19.4 ഓവറില്‍ 139-4. ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡൂപ്ലെസിയും നല്‍കുന്ന നല്ല തുടക്കങ്ങളാണ് സീസണില്‍ ചെന്നൈയുടെ വിജയക്കുതിപ്പിന് അടിത്തറയിടുന്നത്. ഹൈദരാബാദിനെതിരെയും അതിന് വ്യത്യാസമുണ്ടായില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ക്‌വാദും ഡൂപ്ലെസിയും ചേര്‍ന്ന് 10 ഓവറില്‍ 75 റണ്‍സടിച്ചപ്പോഴെ ഹൈദരാബാദ് പ്രതീക്ഷ കൈവിട്ടു. ഗെയ്‌ക്‌വാദിനെ (38 പന്തില്‍ 45) മടക്കി ജേസണ്‍ ഹോള്‍ഡര്‍ ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ മൊയീന്‍ അലിയെ (17) കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന ഡൂപ്ലെസി ചെന്നൈയെ 100 കടത്തി. ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുന്നതിനിടെ ഡൂപ്ലെസിയും (36 പന്തില്‍ 41), മൊയീന്‍ അലിയും (17), സുരേഷ് റെയ്നയും (2) മടങ്ങിയത് ചെന്നൈയെ ആശങ്കയിലാഴ്ത്തി. എന്നാല്‍ ഒരറ്റം കാത്ത അംബാട്ടി റായുഡു (13 പന്തില്‍ 17*) അവസാന ഓവറുകളിലെ സമ്മര്‍ദ്ദം അതിജീവിച്ചു. ജേസണ്‍ റോയ് ക്യാച്ച് കൈവിട്ടതിലൂടെ ജീവന്‍ ലഭിച്ച ധോണി (11 പന്തില്‍ 14*) അവസാന ഓവറില്‍ സിദ്ധാര്‍ത്ഥ് കൗളിനെ സിക്സിന് പറത്തി ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശനം രാജകീയമാക്കി.
      നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് പവര്‍ പ്ലേയില്‍ ഓപ്പണര്‍ ജേസണ്‍ റോയി യുടെ വിക്കറ്റ് നഷ്ടമായതോടെ തുടക്കത്തിലെ തിരിച്ചടിയേറ്റു. പവര്‍ പ്ലേക്ക് പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍റെ മടങ്ങിയതോടെ ഹൈദരാബാദ് റണ്‍സ് കണ്ടെത്താനാകാതെ വലഞ്ഞു. ഏഴ് പന്തില്‍ രണ്ട് റണ്ണെടുത്ത റോയിയെ ഹേസല്‍വുഡ് പുറത്താക്കിയപ്പോള്‍ 11 പന്തില്‍ 11 റണ്‍സെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.വൃദ്ധിമാന്‍ സാഹയും പിന്നാലെ പുറത്തായെങ്കിലും നോ ബോളായതിനാല്‍ രക്ഷപ്പെട്ടു. മൂന്നാം ഓവറില്‍ ദീപക് ചാഹറിനെ രണ്ട് സിക്സിന് പറത്തിയ സാഹ ഒടുവില്‍ പത്താം ഓവറില്‍ ജഡേജക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്കോര്‍ 74ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. 46 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സും പറത്തിയാണ് സാഹ 44 റണ്‍സെടുത്തത്.  
      അഭിഷേക് ശര്‍മയും (18), അബ്ദുള്‍ സമദും (18) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നിലയുറപ്പിക്കാനായില്ല. ഇരുവരെയും മടക്കി ഹേസല്‍വുഡാണ് ഹൈദരാബാദിന് ഇരട്ട പ്രഹരമേല്‍പ്പിച്ചത്. വാലറ്റത്ത് റാഷിദ് ഖാന്‍ (13 പന്തില്‍ 17*) നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ 134ല്‍ എത്തിച്ചത്.
        കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയത്. കൊൽക്കത്തയ്ക്കെതിരെ കളിക്കാതിരുന്ന ഡ്വയിന്‍ ബ്രാവോ തിരിച്ചെത്തിയപ്പോള്‍ സാം കറന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
        ഇന്നത്തെ മത്സരം, കെ. എൽ. രാഹുൽ നയിക്കുന്ന പഞ്ചാബും മോർഗൻ നയിക്കുന്ന കൊൽക്കത്തയും തമ്മിമിലാണ്.

Post a Comment

أحدث أقدم