ഐപാഡ് ‘ശൂന്യം’, രൂപമാറ്റം വരുത്തി ‘ആഡംബരം’; പുരാവസ്തുക്കളിൽ 90% വ്യാജം

 



കൊച്ചി ∙ കോടികളുടെ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കയ്യിൽനിന്നു ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഐപാഡ് ‘ശൂന്യം’. മോൻസൻ തനിക്കു ‘ലഭിക്കാനുള്ള’ 2.62 ലക്ഷം കോടി രൂപയുടെ എച്ച്എസ്ബിസി ബാങ്ക് രേഖകൾ പരാതിക്കാർ ഉൾപ്പെടെയുള്ളവർക്കു കാണിച്ചുകൊടുത്തിരുന്നത് ഈ ഐപാഡിലാണ്. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയിൽ ഐപാഡിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളൊന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായില്ല. തട്ടിപ്പിനുപയോഗിച്ച രേഖകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാവുമെന്നാണു നിഗമനം. ഫയലുകൾ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. മോൻസന്റെ ഫോൺ വിളി രേഖകളുടെ പരിശോധനയും തുടരുകയാണ്. 

ഇന്നലെയും മോൻസനെ വിശദമായി ചോദ്യം ചെയ്തെങ്കിലും നിസ്സഹകരണം തുടരുകയാണെന്നാണു സൂചന. ഒട്ടകത്തിന്റെ എല്ലിൽ തീർത്ത ആനക്കൊമ്പും പുരാവസ്തു എന്ന പേരിൽ മറ്റു ചില വസ്തുക്കളും താൻ വിറ്റതായി മോൻസൻ സമ്മതിച്ചു. ബെംഗളൂരുവിലെ വ്യവസായി രാജീവിന് 50 ലക്ഷം രൂപയ്ക്കാണു സാധനങ്ങൾ വിറ്റത്. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താൻ രാജീവിൽ നിന്നു വിവരങ്ങൾ തേടാനുള്ള ശ്രമത്തിലാണു ക്രൈംബ്രാഞ്ച്. 


മോൻസന്റെ വീട്ടിൽ ‍പുരാവസ്തു, മോട്ടർ വാഹന വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തി. പുരാവസ്തുക്കളിൽ 90 ശതമാനവും പൗരാണിക മൂല്യമില്ലാത്തവയാണെന്നും എന്നാൽ 100 വർഷം വരെ പഴക്കമുള്ള അപൂർവം ചില സാധനങ്ങൾ ഇവിടെയുണ്ടെന്നുമാണു കണ്ടെത്തൽ. പഴഞ്ചൻ വാഹനങ്ങൾ രൂപമാറ്റം വരുത്തി ആഡംബര വാഹനമായി ഉപയോഗിക്കുകയായിരുന്നു എന്നാണു മോട്ടർ വാഹന വകുപ്പിന്റെ നിഗമനം. മോൻസൻ സ്ഥിരമായി യാത്ര ചെയ്തിരുന്ന ഡോഡ്ജെ ഗ്രാന്റിന്റെ റജിസ്ട്രേഷൻ 2019ൽ അവസാനിച്ചതാണ്. ഹരിയാന റജിസ്ട്രേഷനിലുള്ള വാഹനത്തിന് ഇൻഷുറൻസുമില്ല. വീടിനു മുന്നിലുണ്ടായിരുന്ന ലെക്സസ്, റേഞ്ച് റോവർ, ഫെരാരി തുടങ്ങിയ വാഹനങ്ങളുടെയൊന്നും റജിസ്ട്രേഷൻ വിവരങ്ങൾ പരിവാഹൻ വെബ്സൈറ്റിലില്ല. യഥാർഥ റജിസ്ട്രേഷൻ നമ്പർ അറിയാൻ ഷാസി നമ്പരും എൻജിൻ നമ്പരുമുൾപ്പെടെ പരിശോധിക്കുന്നുണ്ട്. നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു മോൻസൻ ഒളിത്താവളമൊരുക്കിയെന്ന ആരോപണത്തിൽ കസ്റ്റംസും പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണു വിവരം. 


‘വിശ്വരൂപം’ ശിൽപം നിർമിച്ചു നൽകിയ തന്നെ കബളിപ്പിച്ചുവെന്ന തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മോൻസനെ ചോദ്യം ചെയ്യാൻ  തിരുവനന്തപുരത്തു നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കൊച്ചിയിലെത്തി. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന മോൻസനെ വിശദമായ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണു സൂചന. പ്രതിയെ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കും.

Post a Comment

أحدث أقدم