ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 34 ആയി.

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 34 ആയി.
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 34 ആയി. തകര്‍ന്നു കിടക്കുന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും വെള്ളപ്പൊക്ക മേഖലയിലും നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് നൈനിറ്റാളിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി.
      പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തനിവാരണ സേനയെ കൂടാതെ കര, വ്യോമസേനകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. വീടുകളും പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ മൂന്ന് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ദുരന്തത്തില്‍ 34 പേര്‍ മരിച്ചു. അഞ്ചു പേരെ കാണാതായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് 1.9 ലക്ഷവും നല്‍കും. കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും - അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്തും കുമാറും ചേര്‍ന്ന് വ്യോമനിരീക്ഷണം നടത്തിയ മുഖ്യമന്ത്രി കര്‍ഷകരുടെ വിളകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
        സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ധാമിയുമായി സംസാരിച്ചു. രണ്ടു ദിവസമായി പെയ്യുന്ന മഴ കഴിഞ്ഞ രാത്രിയോടെയാണ് ഉത്തരാഖണ്ഡില്‍ കൂടുതല്‍ വിനാശകരമായി തുടങ്ങിയത്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം മൂലം കനത്ത നാശമുണ്ടായത്.
     നൈനിറ്റാളില്‍ മാത്രം 16 പേര്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചുറ്റും വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് നൈനിറ്റാളിലെ ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി.
       സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഭയപ്പെടുത്തുന്ന രംഗങ്ങളാണ് കാണിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനക്കൊപ്പം കരസേനയും, വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദുരന്ത ബാധിത മേഖലകളില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ആകാശനിരീക്ഷണം നടത്തി. ബദരീനാഥ് ദേശീയ പാതയില്‍ യാത്രക്കാരുമായി പോകവേ മലയിടിച്ചിലില്‍പെട്ട കാര്‍ സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കാറിലെ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗൗല നദിക്ക് സമീപം റെയില്‍പാത ഒലിച്ചു പോയിട്ടുണ്ട്. ഈ നദിക്ക് കുറുകെയുള്ള പാലവും തകര്‍ന്നു. ബദരീനാഥ് ക്ഷേത്രത്തിലും, ജോഷിമഠിലുമായി നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. അതേസമയം, കാലാവസ്ഥാ വകുപ്പ് ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയുടെ കാര്യത്തില്‍ ഗണ്യമായ കുറവ് പ്രവചിക്കുന്നത് ആശ്വാസകരമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ