മീൻപിടിത്ത ബോട്ട് മുങ്ങി; 11 തൊഴിലാളികളെ രക്ഷപ്പെടുത്തി.

മീൻപിടിത്ത ബോട്ട് മുങ്ങി; 11 തൊഴിലാളികളെ രക്ഷപ്പെടുത്തി.


കൊച്ചി ഹാർബറിൽ നിന്ന് 11 പേരുമായി മീൻ പിടിക്കാൻ പോയ ‘കുട്ടി ആണ്ടവൻ’ ബോട്ട് അഴിമുഖത്തിനു പടിഞ്ഞാറു വടക്കു മാറി രണ്ടാം ബോയയ്ക്കു സമീപം മുങ്ങിക്കിടക്കുന്ന ബോട്ടിൽ തട്ടി മുങ്ങി.  സമീപത്തുണ്ടായിരുന്ന വെങ്കിട്ടമ്മൽ, അലീഷ്ഖാൻ, മയൂരി എന്നീ വള്ളങ്ങളിലെ തൊഴിലാളികളും മറൈൻ എൻഫോഴ്‌സ്‌മെന്റും എത്തി  11 പേരെയും രക്ഷപ്പെടുത്തി.
        രണ്ട് പേർ ബോയയിലും 9 പേർ ബോട്ടിലും പിടിച്ചു കിടക്കുകയായിരുന്നു.  ശക്തമായ മഴയിൽ രക്ഷാപ്രവർത്തനം ശ്രമകരമായിരുന്നു. കപ്പൽ വരുന്നതു കണ്ട് ഒരു വശത്തേക്കു നീക്കിയപ്പോഴായിരുന്നു അപകടമെന്നു തൊഴിലാളികൾ പറഞ്ഞു. വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ എത്തിച്ച് തൊഴിലാളികളെ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസിനു കൈമാറി. ബോട്ട് മുങ്ങി കിടക്കുകയാണ്.       
       രക്ഷാപ്രവർത്തനത്തിനു മറൈൻ എൻഫോഴ്‌സ്മെന്റ് സിപിഒമാരായ പ്രഹ്ലാദൻ, ബിനോയ്, ഗാർഡുമാരായ ഷെല്ലൻ, സുരാജ്, കോസ്റ്റൽ പൊലീസ് എസ്ഐ സംഗീത് ജോബ് എന്നിവർ നേതൃത്വം നൽകി.  മുങ്ങിക്കിടക്കുന്ന ബോട്ടിൽ തട്ടി ഒരു ബോട്ടും വള്ളവും നേരത്തേ മുങ്ങിയിരുന്നു. അപകടസ്ഥലം തിരിച്ചറിയാൻ ഇവിടെ ബോയ സ്ഥാപിക്കാൻ ഫിഷറീസും മറൈൻ എൻഫോഴ്‌സ്മെന്റും ഒരുങ്ങുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ