കൂടുതൽ അൺറിസർവ്ഡ് ട്രെയിനുകൾ വരുന്നു; സ്റ്റേഷനിൽ നിന്ന് തൽസമയം ടിക്കറ്റ് ലഭിക്കും.
കൊച്ചി: റെയിൽവേ കൂടുതൽ അൺറിസർവ്ഡ് ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നു. തിരുവനന്തപുരം–പുനലൂർ അൺറിസർവ്ഡ് സ്പെഷൽ ഈ മാസം 6ന് സർവീസ് ആരംഭിക്കും. പുനലൂരിൽ നിന്നുള്ള സർവീസ് 7 മുതൽ ആരംഭിക്കും. പുനലൂരിൽ നിന്നു രാവിലെ 6.30ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 5.50ന് പുറപ്പെട്ട് രാത്രി 8.15ന് പുനലൂരിലെത്തും.
റിസർവേഷൻ ഇല്ലെങ്കിലും എക്സ്പ്രസ് നിരക്കായിരിക്കും ബാധകമാകുക. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നു തൽസമയം ടിക്കറ്റ് എടുക്കാം. കോട്ടയം–കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് 8ന് സർവീസ് ആരംഭിക്കും. രാവിലെ 5.30ന് കോട്ടയത്തു നിന്നു പുറപ്പെട്ട് 7.50ന് കൊല്ലത്ത് എത്തും. കൊല്ലം–തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് ഉച്ചയ്ക്കു 3.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് വൈകിട്ട് 5.45ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം–നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് 6.00ന് പുറപ്പെട്ടു 7.55ന് നാഗർകോവിൽ എത്തും. ഇവ രണ്ടും 8ന് സർവീസ് തുടങ്ങും. എറണാകുളം–ഗുരുവായൂർ, എറണാകുളം–ആലപ്പുഴ ട്രെയിനുകളും, മംഗളൂരു–ചെന്നൈ എഗ്മൂർ എന്നീ ട്രെയിനുകളും വൈകാതെ സർവീസ് പുനരാരംഭിക്കുമെന്നു അധികൃതർ പറഞ്ഞു. പാലക്കാട്–എറണാകുളം, പാലക്കാട്–തിരുച്ചെന്തൂർ ട്രെയിനുകളും കന്യാകുമാരി–പുണെ ജയന്തിയും ഷൊർണൂർ–നിലമ്പൂർ പാതയിലെ പാസഞ്ചർ ട്രെയിനുകളുമാണ് ഇനിയും സർവീസ് ആരംഭിക്കാനുള്ളത്.
إرسال تعليق