ആദിവാസികൾക്ക് പട്ടയമുണ്ട്. കൃഷി ചെയ്യാനാവില്ല !

ആദിവാസികൾക്ക് പട്ടയമുണ്ട്. കൃഷി ചെയ്യാനാവില്ല !


ഇടുക്കി: ഭൂപതിവ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ അപ്രഖ്യാപിത നിർമ്മാണ നിരോധനം നടപ്പാക്കിയെന്ന ആരോപണമുയരുമ്പോൾ രണ്ടു പതിറ്റാണ്ടു മുൻപ് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം നൽകിയ ഭൂമിയുടെ പട്ടയത്തിലെ മാനദണ്ഡങ്ങളും അപ്രായോഗികമാണെന്നു പരാതി. 2002ലാണ് എ. കെ. ആന്റണി സർക്കാർ ചിന്നക്കനാലിൽ 506 ഭൂരഹിത ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയത്. എൺപതേക്കർ, പന്തടിക്കളം, 301 കോളനി, വിലക്ക് എന്നിവിടങ്ങളിലാണു ഭൂരിഭാഗം കുടുംബങ്ങൾക്കും ഒരേക്കർ വീതം ഭൂമി ലഭിച്ചത്. കാട്ടാനശല്യവും പ്രതികൂല സാഹചര്യങ്ങളും മൂലം ഏറെ കുടുംബങ്ങൾ തങ്ങൾക്കു ലഭിച്ച ഭൂമി ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്കു പോയി. വിവരാവകാശ രേഖകൾ പ്രകാരം 293 കുടുംബങ്ങൾ ഇവിടെ നിന്നു പോയതായാണു ലഭിക്കുന്ന വിവരം. 

       അന്നു ഭൂമി പതിച്ചു നൽകിയപ്പോൾ ലഭിച്ച പട്ടയങ്ങളിലെ മാനദണ്ഡങ്ങൾ പ്രകാരം കൃഷി ചെയ്യാൻ പോലും കഴിയില്ലെന്നാണു പട്ടികവർഗ്ഗ ഏകോപന സമിതി നേതാക്കൾ പറയുന്നത്. മണ്ണ് അമിതമായി ഉഴുതു മറിക്കാനോ പതിച്ചു നൽകിയ ഭൂമിയിലെ ചെറുമരങ്ങൾ ഒഴികെയുള്ളവ മുറിക്കാനോ അനുമതിയില്ല. എന്നാൽ, മുറിക്കാൻ അനുമതിയുള്ള മരങ്ങൾ ഏതൊക്കെയാണ് എന്നതു സംബന്ധിച്ച് പരാമർശവുമില്ല.

       ഭൂമി പതിച്ചു നൽകിയ ആവശ്യത്തിനല്ലാതെ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. എന്നാൽ പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്നു വ്യക്തമല്ല. ഇതിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചാൽ പട്ടയം റദ്ദാക്കുമത്രേ. കൃഷി ദേഹണ്ഡങ്ങൾക്കു നഷ്ടപരിഹാരം നൽകില്ലെന്നും പട്ടയത്തിൽ നിബന്ധന വച്ചിട്ടുണ്ട്.

       പട്ടയത്തിലെ കർശന വ്യവസ്ഥകളാണ് ആദിവാസി മേഖലകളിലെ വികസന മുരടിപ്പിനു കാരണമെന്ന് ആദിവാസി സംഘടനകൾ ആരോപിക്കുന്നു.  പതിച്ചു നൽകിയ ഭൂമി വനം പോലെ സംരക്ഷിക്കുന്നതിനു മാത്രമാണ് ആദിവാസികൾക്കു ലഭിച്ച പട്ടയം ഉപയോഗപ്പെടൂ എന്നാണ് ഇവർ പറയുന്നത്.  കർശന ഉപാധികളോടെയുള്ള പട്ടയം റദ്ദാക്കി തങ്ങൾക്കും ഉപാധിരഹിത പട്ടയം വേണമെന്നാണ് ഇവരുടെ ആവശ്യം.

Post a Comment

വളരെ പുതിയ വളരെ പഴയ