കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു; കനയ്യയെ സിപിഐ പുറത്താക്കി !

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു; കനയ്യയെ സിപിഐ പുറത്താക്കി !
ന്യൂഡൽഹി: സിപിഐയുടെ ഭാവിപ്രതീക്ഷയായി ഉയർത്തി  കാട്ടിയിരുന്ന യുവനേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നു. വൈകിട്ട് നാല് മണിയോടെ ഡൽഹി ഐടിഒയിലെ ഭ​ഗത് സിം​ഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാ‍ർച്ചന നടത്തിയ ശേഷമാണ് കനയ്യ കുമാർ എഐസിസി ആസ്ഥാനത്ത് എത്തി കോൺ​ഗ്രസിൽ ചേർന്നത്. കനയ്യ കുമാറിനൊപ്പം ​എഐസിസി ആസ്ഥനത്ത് എത്തിയ ​ഗുജറാത്തിലെ ദളിത് നേതാവ് ജി​ഗ്നേഷ് മേവാനിയും കോൺഗ്രസിന്‍റെ ഭാഗമാകും. അതേസമയം, നിലവിൽ ​ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയായ ജി​ഗ്നേഷ് മേവാനിക്ക് പാ‍ർട്ടി അം​ഗത്വം സ്വീകരിക്കാൻ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം കോൺ​ഗ്രസ് സഹയാത്രികനായാകും പ്രവർത്തിക്കുക. ഇരുവരും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സു‍ർജെവാല എന്നിവ‍ർക്കൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു.
      അതേസമയം, കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. 'വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി വിടുന്നത് എന്നാണ് പറഞ്ഞത്. വ്യക്തിപരമായ താത്പര്യങ്ങൾ ഉള്ളതു കൊണ്ടാണ് പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം തെളിയിച്ചു. ആരെങ്കിലും പാര്‍ട്ടി വിട്ടാല്‍ അയാള്‍ക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് അര്‍ത്ഥം. ഇത് ചതിയാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ചതിയാണ്. സംഘപരിവാറിന്റെ ഭാഗത്തു നിന്ന് ആക്രമണമുണ്ടായപ്പോഴെല്ലാം ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിച്ചു. എന്നിട്ടും കനയ്യ കുമാർ പാര്‍ട്ടിയെ വഞ്ചിച്ചു'- രാജ പറഞ്ഞു.
         അതിനിടെ, കനയ്യ കോൺഗ്രസിൽ പോയത് നിർഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. പോകില്ല എന്നായിരുന്നു തന്നോട് നേരത്തെ പറഞ്ഞത്. ബിഹാർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതാണ്. എന്നിട്ടും പോകാൻ എന്താണ് കാരണം എന്ന് അറിയില്ല. കനയ്യ പാർട്ടിയെ വഞ്ചിച്ചതായി അഭിപ്രായമില്ല. ആരാ തട്ടിപ്പു നടത്തുക എന്ന് എങ്ങനെയറിയാൻ പറ്റുമെന്നും കാനം ചോദിച്ചു.
      2019 ലെ പൊതു തിരഞ്ഞെടുപ്പിൽ, കനയ്യ തന്റെ ജന്മനാടായ ബീഹാറിലെ ബെഗുസരായിയിൽ നിന്ന് ബിജെപിയുടെ ഗിരിരാജ് സിംഗിനെതിരെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഗുജറാത്തിലെ വഡ്ഗാം നിയോജക മണ്ഡലത്തിൽ നിന്നുള്ള ഒരു സ്വതന്ത്ര എംഎൽഎയായ മേവാനി 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായാണ് അറിയപ്പെടുന്നത്. 2017 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വദ്ഗാം മണ്ഡലത്തിൽ മേവാനിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.
      ബീഹാർ സംസ്ഥാന കോൺഗ്രസിൽ കനയ്യ കുമാറിനും ഗുജറാത്തിൽ മേവാനിക്കും അടുത്ത വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനു വേണ്ടി സുപ്രധാന പങ്ക് വഹിക്കാനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ മാസങ്ങളിൽ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടതിന് ശേഷമാണ് രണ്ടു യുവനേതാക്കൾ കോൺഗ്രസിൽ ചേരുന്നത്. മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുസ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നപ്പോൾ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ഇപ്പോൾ ബിജെപിയിലാണ്. മുതിർന്ന ഗോവ കോൺഗ്രസ് നേതാവ് ലുയിസിൻഹോ ഫലെറോയും പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ