നിയമസഭയിൽ നടന്നത് അക്രമമല്ല, പ്രതിഷേധമെന്നു പ്രതിഭാഗം കോടതിയിൽ.
തിരു.: നിയമസഭയിൽ മുൻ ധനമന്ത്രി കെ. എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള പ്രതികൾ നടത്തിയത് പ്രതിഷേധമാണെന്നും അക്രമം അല്ലായിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. നിയമ ലംഘനമല്ല, പ്രതിഷേധമാണ് സഭയിൽ നടന്നത്. സഭയ്ക്കുള്ളിലെ ഉദ്യോഗസ്ഥൻമാരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്‌പീക്കറുടെ കസേര, കംപ്യൂട്ടർ തുടങ്ങിയവ നശിച്ചത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.
നിയമസഭാ സാമാജികർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയതാണെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. എന്നാൽ, ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങൾ ഒരു എംഎൽഎയ്ക്കും നശിപ്പിക്കാനാകില്ലെന്നും പ്രതികൾ പൂർണ്ണ ബോധത്തോടെയാണ് ആക്രമണം നടത്തിയതെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ഇരു കൂട്ടരുടെയും വാദം കേട്ട കോടതി വിടുതൽ ഹർജിയിൽ വിധി അടുത്ത മാസം 7ന് പ്രസ്‌താവിക്കും.
വി. ശിവൻകുട്ടി നശിപ്പിച്ചു എന്നു പറയുന്ന ഇലക്ട്രോണിക് പാനൽ എന്ന വസ്‌തുവിനെക്കുറിച്ചു രാസപരിശോധന നടത്തിയ ഇലക്ട്രോണിക് എൻജിനീയർ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ നിയമസഭയിലെ സംഭവങ്ങൾ സാക്ഷികളെ സിഡിയിൽ കാണിച്ചു കൊടുത്താണു മൊഴി രേഖപെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ഇത്തരം വാദങ്ങൾ നിലനിൽക്കില്ലെന്നും നിയമസഭയിലെ ഹാർഡ് ഡിസ്‌ക്, ടൈമർ ഘടിപ്പിച്ചിട്ടുള്ളതാണെന്നും തിരിമറി നടത്താൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, കെ. ടി. ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ ഇ. പി. ജയരാജൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ. എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ