സുധീരനെതിരെ സുധാകരന്‍; സതീശനോട് അതൃപ്തി, ചിദംബരത്തെയും തള്ളി.
രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് വി. എം. സുധീരനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സുധീരനോട് താന്‍ അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ ആ അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ല. കെപിസിസി നടപടികളില്‍ തെറ്റുണ്ടെങ്കില്‍ അത് എഐസിസി ചൂണ്ടിക്കാണിക്കും. എഐസിസിയെ കാര്യങ്ങള്‍ അറിയിച്ച് അനുവാദത്തോടെയാണ് എല്ലാം നടപ്പാക്കുന്നത്. അതില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, നാര്‍ക്കോട്ടിക്ക് ജിഹാദ് സംബന്ധിച്ച പി. ചിദംബരത്തിന്റെ പ്രസ്താവനയെയും കെ. സുധാകരന്‍ തള്ളി. ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. കേരളത്തിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിച്ചോളാം. ഞങ്ങള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. പാലാ ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി. എം. സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു രാജി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ