ലൈക്കടിച്ചാൽ ഭരണം നന്നാകുമോ ? കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടറുടെ വിചിത്ര ഉത്തരവ് !
തിരു.: വകുപ്പുമന്ത്രിയുടെ ഫേസ്ബുക്ക് പേജിന് ലൈക്ക് അടിക്കാൻ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടറുടെ ഉത്തരവ്. വകുപ്പ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് അടിച്ച് ‘രക്ഷപ്പെടുത്താനാണ്’ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പുതിയ നിര്‍ദ്ദേശം. സര്‍ക്കാരിലെ മറ്റ് മന്ത്രിമാരുടെ ഫെയ്‌സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് ലൈക്കുകള്‍ ഉള്ളപ്പോള്‍ വകുപ്പ് മന്ത്രിയുടെ പേജിന് വെറും 63000-ല്‍പരം ലൈക്കുകള്‍ മാത്രമാണുള്ളത്. അതിനാല്‍ കുടുംബശ്രീ ഫെയ്‌സ്ബുക്ക് ക്യാംപയിനിലൂടെ ഫെയ്‌സ്ബുക്ക് പേജിലെ ലൈക്ക് കൂട്ടാനാണ് കുടുംബശ്രീ ഡയറക്ടര്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഓരോ ദിവസം ഓരോ ജില്ലയ്ക്കാണ് ലൈക്കടിക്കാനുളള ചുമതല. നിശ്ചയിക്കുന്ന ദിവസം ഒരു ജില്ലയില്‍ നിന്ന് ഒന്നര ലക്ഷം ലൈക്ക് വരെയാണ് പ്രതീക്ഷിക്കുന്നത്.
ശരിക്കും എന്താണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് ? മന്ത്രിമാരുടെ ഫേസ് ബുക്ക് പേജിന് ലൈക്ക് നൽകുന്നതു കൊണ്ട് എന്ത് ഭരണ നേട്ടമാണ് ഉണ്ടാകുന്നത് ? ഒരാളുടെ വിവേചന താൽപര്യമല്ലേ ലൈക്ക് അടിക്കണമോ വേണ്ടയോ എന്നത് ? ലൈക്ക് അടിക്കാൻ തക്ക പ്രവർത്തനങ്ങൾ നടന്നെന്ന്, ഒരു ഫേസ് ബുക്ക് ഫോളോവറിന് തോന്നുമ്പോളല്ലേ ലൈക്ക് അടിക്കേണ്ടത് ? അല്ലാതെ ബാഹ്യ പ്രേരണയാൽ ചെയ്യേണ്ട ഒന്നാണോ ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയായിലൂടെയും അല്ലാതെയും പൊതുജനങ്ങൾ ചോദിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ