ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു.
പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു.
2007 ഓഗസ്റ്റ് നാലിന് ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഭൂമിയില്ലാത്ത അയ്യായിരത്തോളം ആളുകളെ കൂട്ടി 143 ഹെക്ടർ ഭൂമി കയ്യേറി കുടിൽ കെട്ടി തുടങ്ങിയതാണ് ളാഹ ഗോപാലന്റെ പോരാട്ട ചരിത്രം. അന്നത്തെ ഇടത് സർക്കാരിന്റെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. പല തവണ അറസ്റ്റ് ചെയ്തു. എന്നിട്ടും നിലപാടുകളിൽ ഉറച്ചു നിന്നു. ചെങ്ങറയിൽ നിന്ന് തുടങ്ങിയ ആ സമര വീര്യം ആറളത്തേക്കും അരിപ്പയിലേക്കുമൊക്കെ പടർന്നു. ജയ് ഭീം എന്നെഴുതിയ വെളുത്ത അംബാസിഡർ കാറിൽ അനുയായികൾക്കൊപ്പം ളാഹ ഗോപാലൻ കേരളത്തിലെ വിവിധ സമര പന്തലുകളിലെത്തി. അങ്ങനെ ഭൂസമരങ്ങളിലെ ആവേശമായി മാറി ളാഹ ഗോപാലൻ.
കെഎസ്ഇബിയിൽ മസദൂർ ആയി ജോലിയിൽ പ്രവേശിച്ച് 2005 ൽ ഓവർസിയറായി വിരമിച്ച ശേഷമാണ് സമരമുഖത്ത് ഇറങ്ങിയത്. അവസാന നാളുകളിൽ ആളും ആരവവും ഇല്ലാത്തെ പത്തനംതിട്ടയിലെ അംബേക്കർ സ്മാരക മന്ദിരത്തിലായിരുന്ന ളാഹ ഗോപലൻ. മരണ ശേഷം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ടു കൊടുക്കണമെന്നായിരുന്നു ആഗ്രഹം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ