ഇ.ഡി വിളിച്ചതിനാൽ, കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി.

ഇ.ഡി വിളിച്ചതിനാൽ, കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന്   പി. കെ. കുഞ്ഞാലിക്കുട്ടി.
കൊച്ചി: ചന്ദിക കളളപ്പണക്കേസില്‍ ആവശ്യമായ രേഖകള്‍ ഇ.ഡിയ്ക്ക് കൈമാറിയെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി. ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താന്‍ കഴിഞ്ഞുവെന്നും ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ഇ.ഡി വിളിച്ചത് നന്നായിയെന്നും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്നും ലീ​ഗ് നേതാവ് കൂട്ടിച്ചേര്‍ത്തു. ഇ.ഡിക്ക് മുന്നില്‍ ഹാജരായി മൊഴിനല്‍കി പുറത്തിറങ്ങിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താന്‍ ഇ.ഡിക്ക് മുന്നില്‍ എത്തിയതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കേസിന് പിന്നില്‍ രാഷ്‌ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടിരുന്നു.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം. കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ. ടി. ജലീല്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീല്‍ ആരോപിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ