മുന്നണിപ്പോരാളികൾ 30 വരെ; കോവിഡ് പ്രതിരോധം ആശങ്കയിൽ.

കോവിഡ് ചികിത്സയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ദേശീയ ആരോഗ്യദൗത്യം വഴി നിയോഗിച്ച ഡോക്ടർ, നഴ്സ് അടക്കമുള്ള നൂറു കണക്കിനു മുന്നണിപ്പോരാളികളുടെ സേവന കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇവരുടെ കാലാവധി നീട്ടിക്കൊടുക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ല.
നിയമന കാലാവധി നീട്ടിക്കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സ കടുത്ത പ്രതിസന്ധിയിലാകും. ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ക്ലീനിങ് സ്റ്റാഫ് വിഭാഗത്തിലായി നൂറു കണക്കിനു പേരെയാണു ഓരോ ജില്ലകളിലും നിയമിച്ചിട്ടുള്ളത്. 3 മാസം മുൻപു നീട്ടി നൽകിയ കാലാവധിയാണ് 30ന് അവസാനിക്കുന്നത്.
പ്രതിസന്ധി അതതു ജില്ലയിലെ ആരോഗ്യ വിഭാഗങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതുവരെ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ആരോഗ്യ പ്രവർത്തകരും കടുത്ത ആശങ്കയിലാണ്. ദേശീയ ആരോഗ്യദൗത്യത്തിൽ ഉൾപ്പെടുത്തി കൂടുതൽ നിയമനം പാടില്ലെന്ന് അധികൃതർ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഉള്ള ജീവനക്കാരുടെ സേവന കാലാവധിയും അനിശ്ചിതത്വത്തിൽ തുടരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ