ഒരു സൗജന്യ കിറ്റിന് കയറ്റിറക്ക് കൂലി 12 രൂപാ, ഒരു സഞ്ചിക്കു 13 രൂപ വരെ !

ഒരു സൗജന്യ കിറ്റിന് കയറ്റിറക്ക് കൂലി 12 രൂപാ, ഒരു സഞ്ചിക്കു 13 രൂപ വരെ !
തിരു.: റേഷൻ കടകൾ വഴി സർക്കാർ സൗജന്യമായി വിതരണം ചെയ്ത കിറ്റ്, ഒരെണ്ണം വണ്ടിയിൽ കയറ്റുന്നതിനും ഇറക്കുന്നതിനും 12 രൂപാ കൂലി നൽകി. കിറ്റിലേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്യാൻ കിറ്റൊന്നിനു പ്രതിഫലമായി 1.40 രൂപയും കഴിഞ്ഞ മേയ് മുതൽ 1.65 രൂപയും നൽകിയെന്നും വിവരാവകാശ രേഖ. സംസ്ഥാനത്താകെ 13 തവണയായി 10,99,30,968 കിറ്റുകൾ വിതരണം ചെയ്തുവെന്ന കണക്കു പരിശോധിച്ചാൽ ഇതുവരെ കിറ്റിൽ സാധനങ്ങൾ പാക്ക് ചെയ്യാൻ മാത്രം നൽകിയത് 16.03 കോടി രൂപയാണ് (2021 മേയ് വരെ 11.80 കോടി രൂപയും മേയ് മുതൽ അവസാനത്തെ ഓണക്കിറ്റ് വരെ 4.23 കോടി രൂപയും).
പാക്ക് ചെയ്ത സാധനങ്ങൾ സഞ്ചിയിൽ നിറയ്ക്കുന്നതിനു കിറ്റൊന്നിന് 1.40 രൂപയായിരുന്നു പ്രതിഫലം. ഈ വർഷം ജനുവരി മുതൽ ഇതു രണ്ടു രൂപയാക്കി. ഈ കണക്ക് പ്രകാരം 18.96 കോടി രൂപ ആകെ കിറ്റുകൾക്കായി ചെലവിട്ടിട്ടുണ്ട്. കിറ്റ് നൽകുന്ന സഞ്ചിക്കു ചെലവിട്ടത് 6.50 രൂപ മുതൽ 13 രൂപ വരെയാണ്. വിലയുടെ ശരാശരി കണക്കാക്കിയാൽ 107.18 കോടി രൂപ ആകെ ചെലവായി. 
റേഷൻ കടകളിൽ ഇവ എത്തിച്ചു നൽകാനുള്ള യാത്രച്ചെലവ് കിറ്റൊന്നിന് 1.80 രൂപയായി. ഇതുപ്രകാരം, ആകെ കിറ്റുകൾക്ക് 19.78 കോടി രൂപ.കേവലം 10 കിലോയിൽ താഴെയുള്ള ഒരു കിറ്റ് കയറ്റാനും ഇറക്കാനും 6 രൂപ വീതമാണു കൂലി നൽകിയത്.  അങ്ങനെ കയറ്റിറക്ക് ഇനത്തിൽ ആകെ 131.91 കോടി രൂപ ചെലവഴിച്ചു.
        ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിക്ക് സിവിൽ സപ്ലൈസ് കോർപറേഷന്റ കോഴിക്കോട് ഡിപ്പോ മാനേജർ നൽകിയ വിവരാവകാശ മറുപടിയിലാണ് ഓരോ കിറ്റിനും ചെലവായ കണക്കുള്ളത്. അതേസമയം, റേഷൻ വ്യാപാരികൾക്ക് ആദ്യ രണ്ടു തവണ കിറ്റ് നൽകിയതിനു മാത്രമാണു കമ്മീഷൻ നൽകിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ