കോട്ടയം നഗരത്തിൽ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.
കോട്ടയം നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോട്ടയം തിരുവാർപ്പ് സ്വദേശി ജെറിൻ, മല്ലപ്പള്ളി സ്വദേശി അഭിഷേക് എസ് മനോജ്, കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുൽ, എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ട്രെയിനുകളിൽ വൻതോതിൽ കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നതായും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും
ഈസ്റ്റ് പോലീസും ദിവസങ്ങളായി മഫ്തിയിൽ റെയിൽവേ സ്റ്റേഷൻ പരിസരം നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ സംശയാസ്പദമായ രീതിയിൽ മൂന്നു പേരെ സ്റ്റേഷൻ പരിസരത്ത് കണ്ടതോടെയാണ് ഇവരെ പോലീസ് പരിശോധിക്കാൻ തയ്യാറായത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും നാല് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവിന്റെ ഗന്ധം പോലും പുറത്തു വരാത്ത രീതിയിൽ നിരവധി കൂടുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവ് എത്തിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ