പാർത്ഥസാരഥിക്കു തിരുമുൽക്കാഴ്ച സമർപ്പിച്ചു.
മാന്നാർ: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും കാരണം ജലോത്സവങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ചെന്നിത്തല പള്ളിയോടത്തിന് ഇക്കുറിയും ആറന്മുളയ്ക്കു പോകാനായില്ല. പകരം, തിരുമുൽക്കാഴ്ച പാർത്ഥസാരഥിക്കു സമർപ്പിച്ചു കരക്കാർ. ചെന്നിത്തല തെക്ക് 93–ാം നമ്പർ എൻഎസ്എസ് കരയോഗം വക പള്ളിയോടമാണ് എല്ലാ ഓണക്കാലത്തും ആറന്മുളയിൽ നടക്കാറുള്ള ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയിലും അഷ്ടമിരോഹിണി വള്ളസദ്യയിലും പങ്കെടുത്തിരുന്നത്. എന്നാൽ, കോവിഡ് ഇക്കുറിയും തടസ്സം തീർക്കുകയായിരുന്നു. വർഷങ്ങളായി നടന്നിരുന്ന ഭക്തിനിർഭരമായ തിരുമുൽക്കാഴ്ച പാർത്ഥസാരഥിക്കു സമർപ്പിക്കാൻ പള്ളിയോടത്തിൽ ആറന്മുളയിലെത്താൻ സാധിച്ചില്ലെങ്കിലും കരനാഥനും കരയോഗം ഭാരവാഹികളും കരമാർഗ്ഗം ആറന്മുളയിലെത്തി. സംഘത്തെ ദേവസ്വം അധികാരികളും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേർന്നു ക്ഷേത്രകവാടത്തിൽ സ്വീകരിച്ചു.
രാവിലെ പള്ളിയോട പുരയിൽ നടന്ന പ്രത്യേക പൂജകൾക്കു ശേഷം കരയോഗം പ്രസിഡന്റ് അനിൽ വൈപ്പുവിളയുടെ നേതൃത്വത്തിലാണ് പള്ളിയോട കരനാഥന്മാർ കരമാർഗ്ഗം ആറന്മുളയിലേക്കു പുറപ്പെട്ടത്. വഞ്ചിപ്പാട്ടോടെ പാർത്ഥസാരഥിയെ വലംവച്ചു തിരുമുൽക്കാഴ്ച സമർപ്പിച്ചു തൊഴുതാണ് സംഘം മടങ്ങിയത്. കരയോഗം സെക്രട്ടറി കെ. എസ്. ശശീന്ദ്രൻ പിള്ള, ഭാരവാഹികളായ രമേശ് വി. നായർ, പ്രമോദ്, കെ. ശശികുമാർ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ