മൂലമ്പള്ളി പുനരധിവാസ പാക്കേജ്; ഹൈക്കോടതി വിധി സ്വാഗതാർഹം: നാഷണലിസ്റ്റ് കേരള കോൺഗ്രസ്
കൊച്ചി: 2008 ഫെബ്രുവരി 6 ന് വല്ലാർപാടം കണ്ടെയിനർ ടെർമിനൽ പദ്ധതിക്ക് വേണ്ടി റോഡും റെയിലും നിർമ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള മൂലമ്പള്ളി പുനരധിവാസ പാക്കേജ്, നാല് മാസത്തിനകം ഉചിതമായ തീരുമാനം എടുക്കണമെന്നുള്ള ഹൈക്കോടതി വിധി സ്വാഗതാർഹമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും സർക്കാർ നിയോഗിച്ച മൂലമ്പള്ളി നിരീക്ഷണ സമിതി അംഗവുമായ കുരുവിള മാത്യൂസ് പറഞ്ഞു.
ഏഴ് വില്ലേജുകളിലായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുബങ്ങളിൽ 60 കുടുംബങ്ങൾ മാത്രമാണ് ഭാഗീകമായി പുനരധിവസിക്കപ്പെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെട്ടിട നിർമാണത്തിന് അനുയോജ്യമായ റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പുനരധിവാസ ഭൂമി നൽകണമെന്നതും, വീട് നിർമ്മിക്കുന്നതു വരെ പ്രതിമാസം 5000 രൂപ വാടക ഇനത്തിൽ നൽകാമെന്നതും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നും ഒരാൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ തൊഴിൽ നൽകാമെന്നതുമായ വാഗ്ദാനങ്ങൾ, മാറി മാറി വന്ന സർക്കാരുകൾ ഇത് വരെയും പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ, സർക്കാർ വിഭാവന ചെയ്തിരിക്കുന്ന നിരീക്ഷണ സമിതിയുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ