ഇന്ന് ശ്രീനാരായണഗുരു ജയന്തി.
ഇന്ന് ശ്രീനാരായണഗുരു ജയന്തി. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നില നിന്നിരുന്ന, ജാതിമത ചിന്തകൾക്കെതിരേ വിപ്ലവകരമായ ചരിത്രം സൃഷ്ടിച്ച്, മാറ്റത്തിൻ്റെ ശംഖൊലി മുഴക്കി, പരമപദം പ്രാപിച്ച ശ്രീനാരായണ ഗുരുദേവൻ്റെ ജന്മദിനം. ചിങ്ങമാസത്തിലെ പൊൻ ചതയ തിരുനാളിൽ, തിരുവനന്തപുരം ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാൻ്റേയും കുട്ടിയമ്മയുടേയും പുത്രനായി ഭൂജാതനായി, ശിവഗിരി മഠത്തിൽ വച്ച് ഭൗതിക ശരീരം വെടിഞ്ഞ് മഹാസമാധി പൂണ്ട, ലോകം ഇതു വരെ കാണാത്ത അസാധാരണ വ്യക്തിത്വം ശ്രീനാരായണ ഗുരു. ഭക്തർക്ക് ഈശ്വരനായും ശിഷ്യർക്ക് ഗുരുവായും ഈശ്വരനായി അംഗീകരിക്കാൻ മനസ്സിനെ തയ്യാറാക്കാത്തവർക്ക് കേവലം വിപ്ലവകാരിയായും ഇന്ന് ജനഹൃദയങ്ങളിൽ അധിവസിക്കുന്ന ഗുരുദേവൻ. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന തിരുവരുൾ ലോകത്തിന് സമർപ്പിച്ച പണ്ഡിത ശ്രേഷ്ഠൻ. തന്റെ സാംസ്കാരിക അത്യുന്നതിയിലും, ലളിതമായ പത്ത് വരികളിലൂടെ, ദൈവദശകം എന്ന മഹത്തരമായ കൃതിയിലൂടെ ദൈവത്തെ സ്വന്തമെന്ന മാനസിക നിലയിലൂടെ സാധാരണ ജനങ്ങൾക്ക് അവതരിപ്പിച്ചു കൊടുത്ത കവി. സാമൂഹിക അസമത്വങ്ങൾക്ക് എതിരേ സമകാലീനരായ വ്യക്തിപ്രഭാവങ്ങൾക്ക് പോലും നേതൃത്വം നൽകിയ വിപ്ലവകാരി. എന്നിങ്ങനെ സമസ്ത മേഖലകളിലും തൻ്റെ തിരുശേഷിപ്പുകൾ അടയാളപ്പെടുത്തി കടന്നു പോയ ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ഇന്ന് ലോകമെങ്ങും ആഘോഷിക്കുകയാണ്.
ജന്മസ്ഥലമായ ചെമ്പഴന്തിയിലും സമാധി സ്ഥലമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം, യൂണിയനുകൾ, ശാഖകൾ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജയന്തി ആഘോഷങ്ങൾ നടക്കും.
ഇന്നു രാവിലെ പൂജകളോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ശിവഗിരിയില്‍ ആഘോഷം ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് രാവിലെ 7നു ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തി. തുടര്‍ന്നു വൈദിക മഠത്തില്‍ ജപയജ്ഞം ആരംഭിച്ചു. ഗുരുജയന്തി മുതല്‍ മഹാസമാധി ദിനം വരെ നീണ്ടു നിൽക്കുന്ന ചടങ്ങാണ് ജപയജ്ഞം.
ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ 10ന് ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യും. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും. മന്ത്രി വി. എന്‍. വാസവന്‍ മുഖ്യപ്രസംഗം നടത്തും. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തും. മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണിരാജു, ജി. ആര്‍. അനില്‍, വി. ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പങ്കെടുക്കും.
ഇത്തവണയും വിപുലമായ ഘോഷയാത്രയില്ല. വൈകിട്ട് അഞ്ചിന് പ്രതീകാത്മക ജയന്തി ഘോഷയാത്ര മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചോടെ ഗുരുദേവന്റെ ചിത്രവും വഹിച്ച്, അലങ്കരിച്ച സൈക്കിള്‍ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും. ആറരയ്‌ക്ക് വിശേഷാല്‍ പൂജയും സമൂഹപ്രാര്‍ത്ഥനയും ഉണ്ടാവും. കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ അന്നദാനം ഉള്‍പ്പെടെ മറ്റ് ചടങ്ങുകള്‍ ഉണ്ടാകില്ല. ജയന്തി സമ്മേളനം ഗുരുകുലത്തിന്റെ ഫേസ്‌ബുക്ക് പേജ് വഴി കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ