5 സംസ്ഥാനങ്ങളിൽ കൂടി നാളെ സ്കൂൾ തുറക്കും.
ന്യൂഡൽഹി: കോവിഡ് കേസുകൾ കുറഞ്ഞതോടെ നാളെ ഏതാനും സംസ്ഥാനങ്ങളിൽ കൂടി സ്കൂളുകൾ തുറക്കും. ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണു സ്കൂളുകൾ തുറക്കുന്നത്.
50% വിദ്യാർത്ഥികളുമായി ഓഫ്‍ലൈൻ ക്ലാസുകൾ ആരംഭിക്കാനാണു തീരുമാനം. അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമെല്ലാം 2 ഡോസ് വാക്സീൻ ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
യുപി ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നിലവിൽ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പ്രവർത്തനമെങ്കിൽ രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ 50% വിദ്യാർത്ഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. ഓൺലൈൻ ക്ലാസുകളും തുടരും.
ഡൽഹിയിൽ 9 മുതൽ 12 വരെ ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കും. 6–8 ക്ലാസുകൾ സെപ്റ്റംബർ 8ന് ആരംഭിക്കും. തുറക്കാൻ അനുമതി നൽകിയെങ്കിലും ഡൽഹി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർവകലാശാലകൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തമിഴ്നാട്ടിലും 9 മുതൽ 12 വരെ ക്ലാസുകൾ നാളെ ആരംഭിക്കും. കോളജുകളിൽ ഒന്നാം വർഷക്കാർക്ക് ഒഴികെയുള്ളവർക്കും സാധാരണ നിലയിൽ ക്ലാസ് ആരംഭിക്കും.
കർണാടകയിൽ കോവിഡ് വ്യാപന നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ 6–8 ക്ലാസുകാർക്ക് സെപ്റ്റംബർ 6 മുതൽ ഓഫ്‍ലൈൻ ക്ലാസ് ആരംഭിക്കാൻ അനുമതി നൽകി. ഇവിടെ 9 മുതൽ 12 വരെയുള്ള ക്ലാസുകൾ 23 മുതൽ സാധാരണ നിലയിൽ ആരംഭിച്ചിരുന്നു. കോളജുകളും ഓഫ്‍ലൈൻ രീതിയിലേക്കു മാറി.
മഹാരാഷ്ട്രയിൽ കോവിഡ് കുറവുള്ള ഗ്രാമീണ മേഖലയിൽ സ്കൂളുകൾ തുറന്നു. പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, യുപി, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇതിനോടകം സ്കൂളുകൾ തുറന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ