ഒളിമ്പിക്‌സ്: ഭാരതത്തിന് ആദ്യ മെഡൽ, ഹോക്കിയിൽ വിജയത്തുടക്കം
ടോക്കിയോ: ഒളിമ്പിക്സിൽ ഭാരതത്തിന് ആദ്യ മെഡൽ. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിനാണ് വെള്ളി മെഡൽ ലഭിച്ചത്. 49 കിലോ വിഭാഗത്തിലാണ് ചാനുവിൻ്റെ മെഡൽ. കർണ്ണം മല്ലേശ്വരിയ്ക്ക് ശേഷം 21 വർഷം കഴിഞ്ഞാണ് ഭാരോദ്വഹനത്തിൽ ഒരു മെഡൽ ലഭിക്കുന്നത്.
ഹോക്കിയിലും ഇന്ത്യയ്ക്ക് വിജയത്തുടക്കം. ന്യൂസിലൻഡിനെതിരേ 2-3 എന്ന സ്ക്കോറിനാണ് ഇന്ത്യ വിജയിച്ചത്. ഹർമൻ പ്രീത് സിംഗ് രണ്ട് ഗോളും രുബീന്ദ്ര പാൽ സിംഗ് ഒരു ഗോളും നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ നമുക്ക് തിരിച്ചടിക്കാനായി. പിന്നീട് ഇന്ത്യയുടെ ആധിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി. ആർ. ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
അതേസമയം, അമ്പെയ്ത്ത് മിക്‌സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിലെത്തി. ദീപിക കുമാരി - പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെ തോൽപ്പിച്ചു. അടുത്ത എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്. അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങളായ ദീപിക കുമാരിയും പ്രവീൺ ജാദവും കാഴ്ചവച്ചത്. അവസാന സെറ്റ് വരെ ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങൾ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തെ തളച്ചത്.
ഇന്ത്യൻ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. 2016 റിയോ ഗെയിംസിൽ 36 വർഷത്തിനിടെ ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുത്ത ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം ചരിത്രത്തിൽ ആദ്യമായി ടോക്കിയോയിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലാൻഡിനെതിരെ നേരിടും.
إرسال تعليق