രാജ്യത്ത് ഇന്നും നാൽപതിനായിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ; പകുതിയലേറെ കേരളത്തിൽ.
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ പകുതിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണ്. ബുധനാഴ്ച 22,056 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 640 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 131 മരണം കേരളത്തിൽ നിന്നുള്ളതാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,22,662 ആയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേർ കൂടി രോഗമുക്തി നേടുകയും ചെയ്തു.
കേരളത്തിൽ കോവിഡ് പ്രതിദിന കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രം ആറംഗ വിദഗ്ദ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള വിദഗ്ദരാണ് സംസ്ഥാനത്ത് എത്തുക. ഇപ്പോഴും വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഘം സഹായങ്ങൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
നിലവിൽ രാജ്യത്ത് 4,03,840 സജീവ കേസുകളാണുള്ളത്. തുടർച്ചയായ രണ്ടാം ദിവസമാണ് സജീവ രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തുന്നത്. 77 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 97.38 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. ജൂലായ് 28 വരെ 46,26,29,773 സാമ്പിളുകൾ പരിശോധിച്ചതായും ഇന്നലെ മാത്രം 17,28,795 സാമ്പിളുകൾ പരിശോധിച്ചു.
إرسال تعليق