പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കുന്നെന്ന് ബിജെപി ഷാജുമോൻ വട്ടേക്കാട്
തൃശൂർ: ന്യൂനപക്ഷ വിദ്യാർത്ഥി കൾക്ക് വാരിക്കോരിവിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന സർക്കാർ പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു പട്ടികജാതി മോർച്ചജില്ലാ കമ്മിറ്റി തൃശൂർ കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമമാത്രമായ ആനുകൂല്യങ്ങൾ മാത്രം പട്ടിക വിഭാഗങ്ങൾക്ക് നൽകുന്നു. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംസ്ഥാന ഖജനാവിൽ നിന്നും നല്ലൊരു തുക മാറ്റി വക്കുന്നു. ഇത് സാമൂഹ്യ നീതി അട്ടിമറിക്കലാണ്. പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വിദ്യാഭ്യാസ വകുപ്പും പട്ടികജാതി വികസന വകുപ്പും ഗുരുതര വീഴ്ച വരുത്തി പട്ടികജാതി വികസന വകുപ്പ് നാഥനില്ലാത്ത വകുപ്പായി മാറി. വകുപ്പ് മന്ത്രി തികഞ്ഞ പരാജയം ആണെന്ന് തെളിഞ്ഞിരിക്കുകയാണ് - ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ പട്ടിക വിഭാഗ വിദ്യാർത്ഥികളോടുള്ള അവഗണനക്കെതിരെ പട്ടികജാതി മോർച്ച സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കും ജൂലൈ 8ന് 140 നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വി. സി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. ബാബു, ബിജെപി ജില്ലാ സെക്രട്ടറി ശശി മരുതയൂർ, സുരേഷ് വെണ്ണൂർ, ആനന്ദൻ കൊടുമ്പ്, വി. കെ. സന്തോഷ്, രഞ്ജിത് നാട്ടിക, രാധാകൃഷ്ണൻ മാമ്പറമ്പിൽ, രാജൻ നെല്ലങ്കര എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ