ഓഗസ്റ്റ് 10ന് സംസ്ഥാനത്ത് പണിമുടക്ക്
പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്ഥാനം. കേന്ദ്ര സർക്കാരിനെ എതിർപ്പ് സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചു. ഓഗസ്റ്റ് 10ന് സംസ്ഥാനത്ത് പണിമുടക്ക് നടത്താൻ വൈദ്യുതി ബോർഡ് ജീവനക്കാരും തീരുമാനിച്ചു. ക്രോസ് സബ്‌സിഡി എടുത്തു കളയുന്നതോടെ ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ വൻവർദ്ധനയാകും ഉണ്ടാകുകയെന്നാണ് സംസ്ഥാനത്തിൻ്റെ ആരോപണം. അതേ സമയം, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയ്ക്കാൻ നിർബന്ധിതമായേക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.
സ്വകാര്യ മേഖലയ്ക്ക് വൈദ്യുതി വിതരണമേഖലയിൽ കടന്നു വരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇനി മുതൽ വൈദ്യുതി വിതരണത്തിന് ലൈസൻസ് വേണ്ട. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ രജിസ്റ്റർ ചെയ്താൽ മതി. സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോർഡ് ജീവനക്കാർക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറുമെന്നാണ് സംസ്ഥാന നിലപാട്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാൽ സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി. ഇതിൽ സംസ്ഥാനം രേഖാമൂലം കേന്ദ്രത്തെ എതിർപ്പ് അറിയിച്ചു. ബോർഡിന്റെ നിലവിലുള്ള ശൃംഖല ഉപയോഗിച്ച് സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണം നടത്താം. ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗര പ്രദേശങ്ങളേയും തെരഞ്ഞെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് അധികാരം ലഭിക്കും. കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള സബ്‌സിഡി പൂർണമായും ഒഴിവാക്കുന്ന അവസ്ഥയുമുണ്ടാകുമെന്നുമാണ് ആരോപണം.
إرسال تعليق